കുവൈറ്റ് സിറ്റി: മയക്കുമരുന്ന് കലർത്തിയ A4 പേപ്പറുകൾ കൈവശം വച്ചിരുന്ന ഏഷ്യൻ സ്വദേശിയെ കുവൈറ്റിൽ മയക്കുമരുന്ന് വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്തുന്നതിനും വിതരണം ചെയ്യുന്നതിനുമായി ഉപയോഗിക്കുന്ന പുതിയ രീതിയാണിതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രതിയെ നിരീക്ഷണത്തിലാക്കിയ ശേഷമാണ് അറസ്റ്റ് നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. പരിശോധനയിൽ രാസ മയക്കുമരുന്ന് കലർത്തിയ 10 A4 പേപ്പറുകളും വിൽപ്പനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന 5 ഗ്രാം ഷാബുവും കണ്ടെത്തി.
യുവാക്കളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് വിതരണം ചെയ്യാനും പരിശോധനയിൽ നിന്ന് രക്ഷപ്പെടാനും ഉപയോഗിക്കുന്ന ആധുനിക തന്ത്രമാണിതെന്ന് അധികൃതർ പറഞ്ഞു. പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

