കുവൈത്ത് സിറ്റി, ജൂൺ 1: നവീകരണ-അറ്റകുറ്റപ്പണി പ്രവർത്തനങ്ങൾ പൂർത്തിയായതിനെ തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം (KIA) തിങ്കളാഴ്ച മുതൽ അറബ്, വിദേശ വിമാനക്കമ്പനികളുടെ സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിച്ചു.
വിമാനത്താവളത്തിലെ പ്രവർത്തന സൗകര്യങ്ങളും സാങ്കേതിക സംവിധാനങ്ങളും നവീകരിച്ചതിന് ശേഷമാണ് സർവീസുകൾ പുനരാരംഭിച്ചത്. ഇതിന്റെ ഭാഗമായി ടെർമിനൽ 1 (T1)-ൽ എത്തിച്ചേരുന്നവർക്കും പുറപ്പെടുന്നവർക്കുമായി യാത്രാ നടപടികൾ വീണ്ടും സജീവമായി.യാത്രക്കാരുടെ സുഗമമായ ഗതാഗതവും വേഗത്തിലുള്ള നടപടിക്രമങ്ങളും ഉറപ്പാക്കുന്നതിനായി ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. വിവിധ സൗകര്യങ്ങളും സേവനങ്ങളും പൂർണ സജ്ജമാണെന്നും അംഗീകൃത പദ്ധതിപ്രകാരം വിമാന സർവീസുകൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി.
വ്യോമഗതാഗത മേഖലയിലെ കാര്യക്ഷമത വർധിപ്പിക്കാനും വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി പൂർണമായി വീണ്ടെടുക്കാനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. യാത്രക്കാരുടെയും വിമാനക്കമ്പനികളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായാണ് ഇതിനെ വിലയിരുത്തുന്നത്.

