കുവൈത്ത് സിറ്റി: യുകെയിൽ നിന്ന് വ്യക്തിഗത സാധനങ്ങൾ എന്ന വ്യാജേന എത്തിച്ച വൻ മയക്കുമരുന്ന് ശേഖരം കുവൈത്ത് കസ്റ്റംസ് അധികൃതർ പിടികൂടി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നേരിട്ടുള്ള നിർദ്ദേശത്തെ തുടർന്നായിരുന്നു കസ്റ്റംസിന്റെ നിർണ്ണായക നീക്കം. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് മേധാവി യൂസഫ് ഖാലിദ് അൽ നുവൈഫ്, പോർട്ട്സ് ആൻഡ് കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ ഡെപ്യൂട്ടി ഹെഡ് സാലിഹ് മുഹമ്മദ് അൽ ഒമർ എന്നിവരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഓപ്പറേഷൻ പൂർത്തിയാക്കിയത്.
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോളുമായി സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിൽ എയർ കാർഗോ കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥരാണ് മയക്കുമരുന്ന് അടങ്ങിയ ലഗേജുകൾ പരിശോധനയ്ക്കായി തടഞ്ഞുവെച്ചത്. വ്യക്തിഗത ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ എന്ന് രേഖപ്പെടുത്തിയ മൂന്ന് ട്രാവൽ ബാഗുകളാണ് ഉദ്യോഗസ്ഥർ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയത്. ബാഗുകൾക്കുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് ശേഖരം. പരിശോധനയിൽ 63 കിലോ ഹഷീഷ്, 9 കിലോ കൊക്കെയ്ൻ, 14 കിലോ കഞ്ചാവ് എന്നിവയടക്കം ആകെ 86 കിലോ നിരോധിത ലഹരിവസ്തുക്കൾ അധികൃതർ പിടിച്ചെടുത്തു.

