കുവൈറ്റ് സിറ്റി: വേനൽക്കാലത്ത് കടുത്ത ചൂട് കണക്കിലെടുത്ത് ഉച്ചസമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് ഏർപ്പെടുത്തിയ നിരോധനം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പരിശോധനകൾ ശക്തമാക്കി. നിയമം ലംഘിക്കുന്ന തൊഴിലുടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അതോറിറ്റി അറിയിച്ചു.
തൊഴിൽ സുരക്ഷയും ആരോഗ്യ മാനദണ്ഡങ്ങളും ഉറപ്പുവരുത്തുന്ന തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാൻ തൊഴിലുടമകൾക്ക് പരിശോധനാ സംഘങ്ങൾ കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്. നിരോധിത സമയങ്ങളിൽ നേരിട്ടുള്ള സൂര്യപ്രകാശമേൽക്കുന്നതിൽ നിന്നും കടുത്ത ഉഷ്ണതരംഗത്തിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കാൻ നിയമ വ്യവസ്ഥകൾ പൂർണ്ണമായും പാലിക്കണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.അൽ-മുത്ല മേഖലയിലെ വിവിധ തൊഴിലിടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പ്രത്യേക പരിശോധനാ കാമ്പെയ്നിൽ ഏഴ് തൊഴിൽ സൈറ്റുകളിലായി 23 നിയമലംഘനങ്ങൾ കണ്ടെത്തി.
ഇവ പരിഹരിക്കുന്നതിനായി അതോറിറ്റി നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിനുപുറമെ, ഗാർഹിക വിസ നിയമമായ ആർട്ടിക്കിൾ 20-ന് കീഴിലുള്ള രണ്ട് തൊഴിലാളികളെ ഇത്തരം നിർമ്മാണ സൈറ്റുകളിൽ നിയമവിരുദ്ധമായി ജോലി ചെയ്യിപ്പിക്കുന്നതായും ഇൻസ്പെക്ടർമാർ കണ്ടെത്തി. ഇതേത്തുടർന്ന് നിലവിലുള്ള നിയമങ്ങൾക്കനുസൃതമായി ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടികൾ അതോറിറ്റി സ്വീകരിച്ചു കഴിഞ്ഞു. വേനൽക്കാലത്തെ ഈ തൊഴിൽ വിലക്ക് അവസാനിക്കുന്നത് വരെ രാജ്യത്തുടനീളം കടുത്ത പരിശോധനകൾ തുടരുമെന്നും, നിയമലംഘകർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഉച്ചസമയത്തെ ഈ തൊഴിൽ നിരോധന നിയമം പാലിക്കുന്നത് തൊഴിലുടമകളുടെ സാമൂഹികവും മാനുഷികവുമായ ഉത്തരവാദിത്തമാണെന്ന് മാൻപവർ അതോറിറ്റി ഓർമ്മിപ്പിച്ചു. കുവൈറ്റിലെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തൊഴിൽ മേഖലയിലെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഇത് ഏറെ സഹായകരമാണെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.

