കുവൈറ്റ് സിറ്റി: വന്യജീവി ശാസ്ത്രജ്ഞരെയും പരിസ്ഥിതി പ്രവർത്തകരെയും ഒരേപോലെ ആശങ്കയിലാഴ്ത്തി കുവൈറ്റിലെ തീരദേശ പക്ഷികളുടെ പതിവ് ദേശാടന സ്വഭാവത്തിൽ വൻ വ്യതിയാനം. കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിലെ പ്രമുഖ അക്കാദമിക് ഗവേഷക ഡോ. സാറ അൽ-ദോസരിയാണ് കുവൈറ്റ് ദ്വീപുകളിൽ തീരദേശ പക്ഷികളുടെ വേനൽക്കാല പ്രജനന സീസൺ ആരംഭിച്ചതായി പ്രഖ്യാപിച്ചതിനൊപ്പം ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്. ജൂലൈ മാസത്തോടെ സജീവമാകുന്ന പ്രജനന കാലയളവിൽ, വേനൽക്കാലത്ത് മുട്ടയിട്ടു വിരിയിക്കുന്ന കടൽക്കാക്കകൾ ഉൾപ്പെടെയുള്ള പക്ഷി സമൂഹങ്ങൾ തങ്ങളുടെ അടുത്ത ദേശാടന കാലം വരെ കുവൈറ്റിൽ തന്നെയാണ് തുടരുകയെന്നും അവർ വ്യക്തമാക്കി.
എന്നാൽ, മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പക്ഷികളുടെ സ്വാഭാവിക പെരുമാറ്റത്തിൽ വലിയ രീതിയിലുള്ള തകരാറുകൾ ദൃശ്യമായിട്ടുണ്ട്. പല പക്ഷി കൂട്ടങ്ങളും സാധാരണ സമയത്തിന് വളരെ മുൻപേ തന്നെ കുവൈറ്റ് വിട്ടുപോയതായി ഗവേഷകർ നിരീക്ഷിച്ചു. ആഗോള കാലാവസ്ഥാ വ്യതിയാനവും താപനിലയിലുണ്ടായ അസ്വാഭാവികമായ വർദ്ധനവുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കാലാവസ്ഥ മാറിയതോടെ പക്ഷികൾക്കും അവയുടെ കുഞ്ഞുങ്ങൾക്കും ജീവിക്കാൻ ആവശ്യമായ സസ്യലതാദികളുടെ വളർച്ച മുരടിക്കുകയും, കൂടുകൂട്ടാൻ ആവശ്യമായ പ്രകൃതിദത്ത സാമഗ്രികൾക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുകയും ചെയ്തത് പക്ഷികളെ പ്രതികൂലമായി ബാധിച്ചു.
കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം തന്നെ തീരദേശ മേഖലയെ പിടിച്ചുലയ്ക്കുന്ന ഭൗമരാഷ്ട്രീയ പ്രതിസന്ധികളും ഈ പക്ഷിപ്പലായനത്തിന് ആക്കം കൂട്ടിയതായി ഡോ. സാറ അൽ-ദോസരി വെളിപ്പെടുത്തി. കഴിഞ്ഞ ഫെബ്രുവരി അവസാനം മുതൽ കുവൈറ്റിനും ഈ മേഖലയ്ക്കും നേരെ ഇറാൻ നടത്തുന്ന ക്രൂരമായ അധിനിവേശവും ഇതിന്റെ ഫലമായി ഗൾഫ് തീരങ്ങളിലുണ്ടായ തുടർച്ചയായ അസ്വസ്ഥതകളും യുദ്ധപ്രതിസന്ധികളും പക്ഷികളുടെ പ്രജനന ആവാസവ്യവസ്ഥയെ പൂർണ്ണമായും തകിടം മറിച്ചു. യുദ്ധാന്തരീക്ഷം സൃഷ്ടിച്ച ഭീതിയും തീരദേശത്തെ അശാന്തിയും പക്ഷികളുടെ സ്വാഭാവിക ജീവിതചക്രത്തെയും ദേശാടന സ്വഭാവത്തെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്ന് പരിസ്ഥിതി നിരീക്ഷകർ വിലയിരുത്തുന്നു.

