കുവൈറ്റ് സിറ്റി: രാജ്യത്ത് അന്തരീക്ഷ താപനില 48 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന കഠിനമായ സാഹചര്യത്തിലും, രണ്ടാം ഘട്ട വേനൽക്കാല പരീക്ഷണം വിജയകരമായി പൂർത്തിയാക്കി കുവൈറ്റ് വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം. വൈദ്യുതി ഉപഭോഗം 15,800 മെഗാവാട്ട് എന്ന ഉയർന്ന നിരക്കിൽ എത്തിയിട്ടും രാജ്യത്തെ വൈദ്യുത വിതരണ ശൃംഖലയെ പൂർണ്ണമായും സുസ്ഥിരമായി നിലനിർത്താൻ മന്ത്രാലയത്തിന് സാധിച്ചു.
ഈ വേനൽക്കാലത്ത് രാജ്യം സാക്ഷ്യം വഹിച്ച രണ്ടാമത്തെ കടുത്ത ഉഷ്ണതരംഗത്തെയും, വൈദ്യുതി വിതരണത്തെ ബാധിക്കാത്ത രീതിയിൽ മറികടക്കാൻ മന്ത്രാലയത്തിന് കഴിഞ്ഞതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വേനൽക്കാലം ആരംഭിക്കുന്നതിന് മുൻപ് തന്നെ മന്ത്രാലയം സ്വീകരിച്ച മുൻകരുതൽ നടപടികളും, ഉൽപ്പാദന യൂണിറ്റുകളുടെ കൃത്യമായ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സജ്ജമാക്കിയതുമാണ് ഈ നേട്ടത്തിന് പിന്നിൽ. ഭൂരിഭാഗം ഉൽപ്പാദന യൂണിറ്റുകളും പൂർണ്ണ സജ്ജമായി പ്രവർത്തിച്ചതിനാൽ, വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയെ വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ മന്ത്രാലയത്തിന് സാധിച്ചു.
വേനൽക്കാലത്ത് ഔദ്യോഗിക പ്രവൃത്തി സമയം 7 മണിക്കൂറിൽ നിന്നും 6 മണിക്കൂറായി കുറയ്ക്കാനുള്ള സർക്കാർ തീരുമാനം, കൂടുതൽ വൈദ്യുതി ഉപയോഗിക്കപ്പെടുന്ന പീക്ക് അവറുകളിലെ ഉപഭോഗം കുറയ്ക്കാൻ ഏറെ സഹായിച്ചിട്ടുണ്ട്. ഇതിനൊപ്പം പൊതുജനങ്ങൾക്കിടയിൽ നടത്തിയ ബോധവൽക്കരണവും, ഉയർന്ന ഉപഭോഗമുള്ള സമയങ്ങളിൽ ചില പ്രമുഖ ഫാക്ടറികൾ തങ്ങളുടെ പ്രവർത്തന ശേഷി കുറച്ചതും വൈദ്യുതി ശൃംഖലയുടെ മേലുള്ള സമ്മർദ്ദം കുറയ്ക്കാൻ സഹായിച്ചു. ഉപഭോഗം 15,000 മെഗാവാട്ട് എന്ന പരിധിക്ക് മുകളിലായിട്ടും യാതൊരുവിധ തടസ്സവുമില്ലാതെ മുന്നോട്ട് പോകാൻ കഴിഞ്ഞത് വലിയ നേട്ടമായാണ് മന്ത്രാലയം വിലയിരുത്തുന്നത്.

