കുവൈറ്റ് സിറ്റി: കുവൈറ്റിലെ നുവൈസീബ് പോർട്ട് വഴി അതിർത്തി കടത്താൻ ശ്രമിച്ച വൻ സിഗരറ്റ് ശേഖരം ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പിടികൂടി. കസ്റ്റംസ് പരിശോധന വെട്ടിച്ച് കടത്താനായി പ്രത്യേകം രൂപമാറ്റം വരുത്തിയ ആഡംബര വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ 481 കാർട്ടൺ സിഗരറ്റുകളാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്.തുറമുഖം വഴി പുറത്തേക്ക് പോകാൻ ശ്രമിച്ച ഒരു വാഹനത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് കസ്റ്റംസ് ഇൻസ്പെക്ടർമാർ സ്റ്റാൻഡേർഡ് കസ്റ്റംസ് പ്രൊസീജർ അനുസരിച്ച് വാഹനം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് വാഹനത്തിന്റെ വിവിധ ഭാഗങ്ങളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിൽ പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.
വാഹനത്തിന്റെ ഉൾവശത്തെ ട്രിമ്മുകൾ, വാതിലുകൾ, പിൻസീറ്റുകൾ, ഫ്ലോർ, റൂഫ്, എയർ കണ്ടീഷണർ ഡക്റ്റുകൾ, സ്പെയർ ടയർ സൂക്ഷിക്കുന്ന കമ്പാർട്ട്മെന്റ് എന്നിവയ്ക്കുള്ളിലെല്ലാം സിഗരറ്റ് പാക്കറ്റുകൾ കുത്തിനിറച്ച നിലയിലായിരുന്നു. പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി മാത്രമായി വാഹനം വിപുലമായ രീതിയിൽ മോഡിഫൈ ചെയ്തതായി ഉദ്യോഗസ്ഥർ കണ്ടെത്തി. അതിർത്തി കടത്താൻ വേണ്ടി വളരെ ആസൂത്രിതമായാണ് ഈ കള്ളക്കടത്ത് സംഘം പ്രവർത്തിച്ചതെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കി.
രാജ്യത്തെ അതിർത്തി കടന്നുള്ള കള്ളക്കടത്ത് തടയുന്നതിനും പൊതുജനസുരക്ഷ ഉറപ്പാക്കുന്നതിനുമായി കസ്റ്റംസ് വകുപ്പ് അതിർത്തി ചെക്ക് പോസ്റ്റുകളിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കിയതിന്റെ ഭാഗമായാണ് ഈ വൻ വേട്ടയെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു. പിടിച്ചെടുത്ത തൊണ്ടിമുതലുകളും വാഹനവും തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.



