രാജ്യത്തെ റേഷൻ/സപ്ലൈ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അൽ-രിഖ, ജാബർ അൽ-അലി (ബ്ലോക്ക് 8), ഈസ്റ്റ് അൽ-ജഹ്‌റ എന്നീ മൂന്ന് മേഖലകളിൽ സപ്ലൈ സെന്റർ പദ്ധതിക്കായി സ്ഥലങ്ങൾ അനുവദിക്കുന്നതിന് കുവൈറ്റ് മുൻസിപ്പാലിറ്റി അംഗീകാരം നൽകി. ഓരോ സപ്ലൈ സെന്ററിനും 1,000 ചതുരശ്ര മീറ്റർ വീതമുള്ള സ്ഥലമാണ് അനുവദിച്ചിരിക്കുന്നത്.
ഇതിന് പുറമെ ഉപഭോക്താക്കൾക്കായുള്ള പാർക്കിംഗ് സൗകര്യങ്ങൾക്കും സ്ഥലം അനുവദിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഈസ്റ്റ് അൽ-ജഹ്‌റ, ജാബർ അൽ-അലി എന്നീ സൈറ്റുകൾക്ക് 1,000 ചതുരശ്ര മീറ്റർ വീതവും, ഈസ്റ്റ് അൽ-രിഖ സൈറ്റിന് 2,189 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പാർക്കിംഗ് ഏരിയയുമാണ് അനുവദിച്ചത്. മന്ത്രിസഭാ തീരുമാനത്തിന് വിധേയമായി, ഈ കേന്ദ്രങ്ങളുടെ മാനേജ്‌മെന്റ്, മേൽനോട്ടം, നിയന്ത്രണം എന്നിവയുടെ പൂർണ്ണ ചുമതല വാണിജ്യ വ്യവസായ മന്ത്രാലയത്തിനായിരിക്കും.
പൊതുമരാമത്ത്-സേവന സബ്‌കമ്മിറ്റിയുടെ എല്ലാ നിബന്ധനകളും പദ്ധതി നടപ്പിലാക്കുമ്പോൾ കർശനമായി പാലിക്കണമെന്ന് മുൻസിപ്പാലിറ്റി നിർദ്ദേശിച്ചിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ നിലവിലുള്ള ഏതെങ്കിലും ഭൂഗർഭ പൈപ്പ് ലൈനുകൾക്കോ മറ്റ് ഇൻഫ്രാസ്ട്രക്ചർ സേവനങ്ങൾക്കോ തടസ്സമുണ്ടാകുകയോ അല്ലെങ്കിൽ നിയന്ത്രണപരമായ മറ്റ് കാരണങ്ങൾ വരികയോ ചെയ്താൽ, അനുവദിച്ച ആകെ വിസ്തീർണ്ണത്തിൽ മാറ്റം വരാത്ത രീതിയിൽ സൈറ്റിന്റെ അളവുകളിലും അതിരുകളിലും ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് മുൻസിപ്പാലിറ്റി അധികാരം നൽകിയിട്ടുണ്ട്.



