കുവൈറ്റ് സിറ്റി: രാജ്യത്ത് വിപണി നിരീക്ഷണവും ഉപഭോക്തൃ സംരക്ഷണ നിയമങ്ങളും കർശനമാക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് ജലീബ് അൽ ഷുയൂഖിൽ വാണിജ്യ മന്ത്രാലയവും ഉപഭോക്തൃ സംരക്ഷണ വിഭാഗവും സംയുക്തമായി വൻ പരിശോധന നടത്തി. വിവിധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ നടന്ന പരിശോധനയിൽ നൂറോളം ഇൻസ്പെക്ടർമാരും അടിയന്തര വിഭാഗം ഉദ്യോഗസ്ഥരുമാണ് പങ്കെടുത്തത്.
ജൂലൈ 15 മുതൽ പ്രദേശ് കേന്ദ്രീകരിച്ച് നടത്തിയ സമഗ്ര പരിശോധനയിൽ വിവിധ വാണിജ്യ നിയമലംഘനങ്ങൾക്കായി 227 റിപ്പോർട്ടുകൾ തയ്യാറാക്കി. മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രാബല്യത്തിലുള്ള നിയമങ്ങൾ ലംഘിച്ചും പ്രവർത്തിച്ച എട്ട് സ്ഥാപനങ്ങൾ ഉടൻ അടച്ചുപൂട്ടാൻ അധികൃതർ ഉത്തരവിട്ടു. ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വാണിജ്യ രംഗത്തെ അനധികൃത പ്രവർത്തനങ്ങൾ തടയുന്നതിനുമുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിയമലംഘകർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.



