കുവൈറ്റ് സിറ്റി: ഡിജിറ്റൽ സാമ്പത്തിക സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കുവൈറ്റിലെ എക്സ്ചേഞ്ച് കമ്പനികൾ തങ്ങളുടെ മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയുള്ള വ്യക്തിഗത പണമിടപാടുകളുടെ ഉയർന്ന പരിധി കുത്തനെ വെട്ടിച്ചുരുക്കി. മുൻപ് ഒരു ദിവസം 10,000 കുവൈറ്റ് ദിനാർ വരെ അയക്കാമായിരുന്ന സ്ഥാനത്ത് ചില കമ്പനികൾ പ്രതിദിന പരിധി 3,000 ദിനാറായും മറ്റ് ചില കമ്പനികൾ 2,500 ദിനാറായും നിജപ്പെടുത്തി.ഏകദേശം 70 മുതൽ 75 ശതമാനം വരെയാണ് ഈ പരിധി കുറച്ചിരിക്കുന്നത്. സാമ്പത്തിക മേഖലയിലെ പരിശോധന കർശനമാക്കാനും ഡിജിറ്റൽ ഇടപാടുകളിലെ സുരക്ഷ ഉറപ്പാക്കാനുമാണ് ഈ നടപടി.
മൊബൈൽ ആപ്പുകൾ വഴിയുള്ള സാമ്പത്തിക ഇടപാടുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വ്യാജരേഖ ചമയ്ക്കൽ, ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തൽ, പണമിടപാട് തട്ടിപ്പുകൾ, അനധികൃത പണമിടപാടുകൾ എന്നിവ തടയാൻ ലക്ഷ്യമിട്ടാണ് സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് ഉൾപ്പെടെയുള്ള ഭരണകൂട സ്ഥാപനങ്ങളുടെ നിർദ്ദേശപ്രകാരം എക്സ്ചേഞ്ചുകൾ നിയന്ത്രണം കടുപ്പിച്ചത്. ഇതോടൊപ്പം പണത്തിന്റെ സ്രോതസ്സ്, അയക്കുന്നതിന്റെ ഉദ്ദേശ്യം, ഉപഭോക്താവിന്റെയും പണം സ്വീകരിക്കുന്നയാളുടെയും വിവരങ്ങൾ, അനുബന്ധ രേഖകൾ എന്നിവ പരിശോധിക്കുന്ന നടപടികളും എക്സ്ചേഞ്ച് കമ്പനികൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
മൊബൈൽ ആപ്ലിക്കേഷൻ വഴി അയക്കുന്ന തുകയ്ക്കാണ് ഈ പുതിയ പരിധി ബാധകമാകുന്നത്.എന്നാൽ വലിയ തുകകൾ അയക്കേണ്ടവർക്ക് എക്സ്ചേഞ്ച് കമ്പനികളുടെ ബ്രാഞ്ചുകളിൽ നേരിട്ടെത്തി ആവശ്യമായ രേഖകളും തിരിച്ചറിയൽ രേഖകളും സമർപ്പിച്ച് ഇടപാടുകൾ നടത്താൻ സാധിക്കും. നേരിട്ടുള്ള ഇടപാടുകളിൽ ജീവനക്കാർക്ക് ബാങ്ക് അക്കൗണ്ട് ഉടമസ്ഥതയും പണത്തിന്റെ സ്രോതസ്സും വ്യക്തമായി പരിശോധിച്ച് ഉറപ്പുവരുത്താൻ സാധിക്കുമെന്നതിനാലാണ് ഈ ഇളവ് നൽകിയിരിക്കുന്നത്.



