കുവൈറ്റ് സിറ്റി: ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ കുവൈറ്റ് മുൻസിപ്പാലിറ്റി ഇൻസ്പെക്ടറെ വാക്കുകൾ കൊണ്ട് അധിക്ഷേപിച്ച സ്വദേശി വനിതയെ അൽ-സൽഹിയ പോലീസ് കസ്റ്റഡിയിലെടുത്തു. ഇൻസ്പെക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
ജോലി ചെയ്യുന്നതിനിടെ യാതൊരു കാരണവുമില്ലാതെ യുവതി മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിക്കുകയായിരുന്നുവെന്ന് ഇൻസ്പെക്ടർ പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. സംഭവ സ്ഥലത്തെത്തിയ പോലീസ് പട്രോളിംഗ് സംഘം യുവതിയുടെ തിരിച്ചറിയൽ രേഖകൾ വാങ്ങുകയും ചോദ്യം ചെയ്യലിനായി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. സംഭവത്തിന് സാക്ഷികളായവരുടെ മൊഴികളും അന്വേഷണ സംഘം രേഖപ്പെടുത്തി. സാക്ഷികൾ ഇൻസ്പെക്ടറുടെ പരാതി ശരിവെച്ചതോടെയാണ് യുവതിക്കെതിരെ കേസ് ശക്തമായത്.
തുടർന്ന് ചോദ്യം ചെയ്തെങ്കിലും യുവതി നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടർന്ന് ഇവരെ വനിതാ സെല്ലിലേക്ക് മാറ്റി. കുവൈറ്റ് നിയമത്തിലെ ആർട്ടിക്കിൾ 134 പ്രകാരം, ജോലിയിലുള്ള പൊതുപ്രവർത്തകരെ അധിക്ഷേപിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നത് മൂന്ന് മാസം വരെ തടവോ 100 മുതൽ 300 ദിനാർ വരെ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്.



