കുവൈറ്റ് സിറ്റി: പണമിടപാട് നിയന്ത്രണങ്ങളും ലൈസൻസ് നിബന്ധനകളും ലംഘിച്ചതിനെ തുടർന്ന് സൽമിയയിലെ രണ്ട് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുകൾ കുവൈറ്റ് അധികൃതർ പൂട്ടിച്ചു. അഹമ്മദി, മുബാറക് അൽ കബീർ ഗവർണറേറ്റുകളിലെ അടിയന്തര വിഭാഗവും ആഭ്യന്തര മന്ത്രാലയത്തിലെ സിഐഡി വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നടപടി. ചില നിർദ്ദിഷ്ട സ്ഥാപനങ്ങളിൽ നേരിട്ടുള്ള പണമിടപാടുകൾ നിരോധിച്ചുകൊണ്ടുള്ള 2026-ലെ 32-ാം നമ്പർ മന്ത്രാലയ ഉത്തരവ് ലംഘിച്ചതിനാണ് പ്രധാനമായും നടപടിയെടുത്തത്. ഇതിനുപുറമെ ലൈസൻസുമായി ബന്ധപ്പെട്ട മറ്റ് ചില ലംഘനങ്ങളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, കാപ്പിറ്റൽ ഗവർണറേറ്റിൽ നടത്തിയ മറ്റൊരു പരിശോധനയിൽ പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ വസ്ത്രങ്ങളും ആഭരണങ്ങളും ഷൂസുകളും വിൽപന നടത്തിയ കട അധികൃതർ അടപ്പിച്ചു. അസൽ ഉൽപ്പന്നങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ഉൽപ്പന്നങ്ങൾ വിറ്റ 322 സാധനങ്ങൾ ഇവിടെനിന്ന് കണ്ടുകെട്ടി. സ്ഥാപനത്തിനെതിരെ വാണിജ്യ തട്ടിപ്പിന് കേസെടുക്കുകയും കട ഉടൻ തന്നെ അടപ്പിക്കുകയും ചെയ്തു.



