കുവൈത്ത്സിറ്റി: ഖൈത്താനിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾക്ക് തീപിടിച്ച സംഭവത്തിൽ കുവൈറ്റ് ഫയർ ഫോഴ്സ് അന്വേഷണം ആരംഭിച്ചു. ദിവസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിൽ ഫർവാനിയ ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണവും ഒരു വാഹനത്തിൽ നിന്ന് മറ്റൊന്നിലേക്ക് തീ പടരാനുണ്ടായ സാഹചര്യവും അന്വേഷണത്തിലൂടെ കണ്ടെത്തുമെന്ന് ഫയർ ഫോഴ്സ് അറിയിച്ചു.
വേനൽക്കാലത്തെ കടുത്ത ചൂട് വാഹനങ്ങൾക്ക് വരുത്തുന്ന അപകടസാധ്യതകളെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച്, നേരിട്ട് വെയിൽ അടിക്കുന്ന തുറസ്സായ സ്ഥലങ്ങളിൽ ദീർഘനേരം വാഹനം പാർക്ക് ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തണം. വാഹനങ്ങളിലെ ഇലക്ട്രിക്കൽ സിസ്റ്റങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും, ഇന്ധന-ഓയിൽ ചോർച്ചകൾ ഉടനടി പരിഹരിക്കാനും, എളുപ്പത്തിൽ തീപിടിക്കുന്ന വസ്തുക്കൾ കാറിനുള്ളിൽ ഉപേക്ഷിക്കാതിരിക്കാനും ഫയർ ഫോഴ്സ് നിർദ്ദേശം നൽകി.
വാഹനങ്ങളുടെ കൃത്യമായ മെയിന്റനൻസ് നടത്തുന്നതും സാങ്കേതിക തകരാറുകൾ വേഗത്തിൽ പരിഹരിക്കുന്നതും അപകടങ്ങൾ ഒഴിവാക്കാൻ അത്യാവശ്യമാണ്. ഉയർന്ന താപനില തീപിടുത്തത്തിന് നേരിട്ട് കാരണമാകണമെന്നില്ലെങ്കിലും, തീ വേഗത്തിൽ പടരുന്നതിനും അപകടത്തിന്റെ ആഘാതം വർദ്ധിപ്പിക്കുന്നതിനും ഇത് ഇടയാക്കുമെന്നും അധികൃതർ വ്യക്തമാക്കി.



