കുവൈറ്റ് സിറ്റി: ട്രാഫിക് നിയമപാലനം കൂടുതൽ ആധുനികവത്കരിക്കുന്നതിന്റെയും സാങ്കേതികവിദ്യയുടെ സഹായത്തോടെ ലംഘനങ്ങൾ നിരീക്ഷിക്കുന്നതിന്റെയും ഭാഗമായി കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പുതിയ ഹോം വെഹിക്കിൾ ഇംപൗണ്ട്മെന്റ് സേവനത്തിന് ഈ ഞായറാഴ്ച മുതൽ തുടക്കം കുറിക്കുന്നു. ഗതാഗത നിയമലംഘനത്തിന് പിടിക്കപ്പെടുന്ന വാഹനങ്ങൾ അതോറിറ്റിയുടെ ഔദ്യോഗിക ഗാരേജിലേക്ക് മാറ്റുന്നതിന് പകരം, അംഗീകൃത നിബന്ധനകൾക്കും ഇലക്ട്രോണിക് നിരീക്ഷണത്തിനും വിധേയമായി ഡ്രൈവർമാർക്ക് സ്വന്തം വീട്ടിലോ ഇഷ്ടമുള്ള സ്ഥലത്തോ വാഹനം തടങ്കലിൽ വയ്ക്കാൻ ഈ സംവിധാനം അവസരമൊരുക്കുന്നു. ഇതിനായുള്ള നടപടിക്രമങ്ങളും ജൂലൈയിൽ പുറപ്പെടുവിച്ച മന്ത്രാലയ തീരുമാനങ്ങളും പ്രാബല്യത്തിൽ വന്നതായി അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഖാലിദ് അൽ അദ്വാനി വ്യക്തമാക്കി.
റോഡ് ഉപയോക്താക്കളുടെ ജീവന് ഭീഷണിയാകുന്ന അപകടകരമായ ലംഘനങ്ങൾ ഉൾപ്പെടെ പ്രധാനപ്പെട്ട ഗതാഗത നിയമലംഘനങ്ങളിൽ വാഹനങ്ങൾ കണ്ടുകെട്ടാൻ നിയമപ്രകാരം അധികാരികൾക്ക് അധികാരമുണ്ട്. അശ്രദ്ധമായ ഡ്രൈവിംഗ്, മത്സരയോട്ടം, അമിതവേഗത, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കൽ, റെഡ് സിഗ്നൽ മറികടക്കൽ തുടങ്ങി നിരവധി ലംഘനങ്ങൾ ട്രാഫിക് നിയമത്തിൻ്റെ പരിധിയിൽ വരുമെങ്കിലും, എല്ലാത്തരം കുറ്റങ്ങൾക്കും വീട്ടിലെ തടങ്കൽ ആനുകൂല്യം ലഭ്യമാകില്ല.മാറ്റം വരുത്തിയ സൈലൻസറുകൾ കാരണം അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ തകരാറുകൾ പരിഹരിക്കുന്നത് വരെ ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ ഔദ്യോഗിക ഗാരേജിൽ തന്നെ തുടരേണ്ടി വരും.
അതോടൊപ്പം, കടുത്ത അശ്രദ്ധ മൂലം വലിയ അപകടങ്ങളുണ്ടാക്കുന്ന കേസുകൾ, മുൻപ് നിരന്തരം നിയമലംഘനം നടത്തിയവരുടെ വാഹനങ്ങൾ, വൻതുക പിഴ ഒടുക്കാനുള്ളവരുടെ കേസുകൾ എന്നിവയിൽ ഹോം ഇംപൗണ്ട്മെന്റ് അനുവദിക്കില്ല. വാഹനമോടിക്കുന്നയാളുടെ മുൻകാല ട്രാഫിക് റെക്കോർഡും നിയമങ്ങൾ പാലിക്കുന്നതിലെ ചരിത്രവും പരിശോധിച്ച ശേഷം മാത്രമായിരിക്കും കുവൈറ്റ് ട്രാഫിക് ഡിപ്പാർട്ട്മെന്റ് ഈ സേവനത്തിനുള്ള യോഗ്യത നിശ്ചയിക്കുക.



