കുവൈറ്റ് സിറ്റി: ഗാർഹിക പീഡനക്കേസുകളിൽ ഇരകളുടെ അവകാശങ്ങളും സ്വകാര്യതയും സംരക്ഷിച്ചുകൊണ്ട് അതിവേഗം നടപടി സ്വീകരിക്കുന്നതിനായി പുതിയ നിയമ പരിഷ്കരണവുമായി കുവൈറ്റ്. സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സിന് കീഴിലുള്ള പ്രൊട്ടക്ഷൻ സെന്ററുകളിലെ യോഗ്യരായ ജീവനക്കാർക്ക് ജുഡീഷ്യൽ പരിശോധനാ അധികാരം നൽകിക്കൊണ്ടുള്ള പുതിയ മന്ത്രിതല തീരുമാനം സാമൂഹിക-കുടുംബ-ശിശുക്ഷേമ മന്ത്രി ഡോ. അമഥൽ അൽ ഹുവൈല പ്രഖ്യാപിച്ചു.
ഗാർഹിക പീഡനങ്ങളിൽ നിന്നുള്ള സംരക്ഷണം ഉറപ്പാക്കുന്ന 2026-ലെ 11-ാം നമ്പർ ഉത്തരവ് നിയമപ്രകാരമാണ് നിർണായക നടപടി.നിയമപരമായും സാമൂഹികമായും പ്രാഗത്ഭ്യമുള്ള തദ്ദേശീയ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നതിലൂടെ ഗാർഹിക പീഡന കേസുകളിൽ കൃത്യമായ ഇടപടലും ദ്രുതഗതിയിലുള്ള അന്വേഷണവും സാധ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി. പൂർണ്ണമായ രഹസ്യസ്വഭാവവും നീതിയും ഉറപ്പാക്കിക്കൊണ്ട് മാത്രമേ ഉദ്യോഗസ്ഥർ നടപടികളുമായി മുന്നോട്ട് പോകാൻ പാടുള്ളൂ എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, കടുത്ത നിബന്ധനകളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ഉദ്യോഗസ്ഥർക്ക് ഇത്തരം സവിശേഷ അധികാരം നൽകുക. മികച്ച സ്വഭാവഗുണമുള്ള കുവൈറ്റ് പൗരന്മാരായ ഉദ്യോഗസ്ഥർക്ക് മാത്രമേ ഈ പദവിക്ക് അർഹതയുണ്ടാവൂ. ക്രിമിനൽ പശ്ചാത്തലമില്ലെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കുന്നതിനൊപ്പം സൈക്കോളജിക്കൽ കൗൺസിലിംഗ്, സോഷ്യൽ കൗൺസിലിംഗ്, അല്ലെങ്കിൽ നിയമത്തിൽ കുറഞ്ഞത് ബാച്ചിലേഴ്സ് ബിരുദമെങ്കിലും ഉള്ളവരെ മാത്രമേ ഈ ചുമതലകളിൽ നിയമിക്കൂ.



