കുവൈത്ത് സിറ്റി: ഹവല്ലി ഗവർണറേറ്റിലെ സൽവ മേഖലയിൽ പതിനെട്ടുകാരനായ ഈജിപ്ഷ്യൻ യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ക്രൂരമായി മർദ്ദിച്ച് മൊബൈൽ ഫോൺ കവരുകയും ചെയ്ത സംഭവത്തിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അന്വേഷണം വ്യാപിപ്പിച്ചു. തുറസ്സായ പാർക്കിംഗ് ഏരിയയിൽ വെച്ച് ഒരു സംഘം ആളുകൾ തന്നെ വളഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് ഇരയായ യുവാവ് പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. ആക്രമണത്തിനിടയിൽ കയ്യിലുണ്ടായിരുന്ന ഐഫോൺ 15 ഇവർ ബലമായി തട്ടിയെടുക്കുകയായിരുന്നു.
കത്തി ഉൾപ്പെടെയുള്ള മൂർച്ചയേറിയ ആയുധങ്ങളുമായാണ് അക്രമികൾ എത്തിയതെന്നും സംഘത്തിലെ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും യുവാവ് വെളിപ്പെടുത്തി. സംഭവത്തിൽ മോഷണത്തിനും ആക്രമണത്തിനും കേസെടുക്കാൻ പബ്ലിക് പ്രൊസിക്യൂഷൻ ഉത്തരവിട്ടു. കുറ്റവാളികളെ ഉടനടി തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിനും സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ വ്യക്തമാക്കുന്നതിനുമായി വിശദമായ അന്വേഷണം നടത്താൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.



