കുവൈറ്റ് സിറ്റി: കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകൽ എന്നിവയ്‌ക്കെതിരായ സുരക്ഷാ സംവിധാനങ്ങളും നടപടിക്രമങ്ങളും കൃത്യമായി പുതുക്കാത്തതിനെത്തുടർന്ന് കുവൈറ്റിൽ 11 ചെറുകിട-ഇടത്തരം എക്സ്ചേഞ്ച് കമ്പനികളുടെ പ്രവർത്തനം താൽക്കാലികമായി സസ്പെൻഡ് ചെയ്തു.
ഒരേസമയത്തല്ലാതെ വിവിധ ഘട്ടങ്ങളായാണ് സാമ്പത്തിക നിയന്ത്രണ അതോറിറ്റി ഈ നടപടി സ്വീകരിച്ചത്. എന്നാൽ, വിലക്ക് വരുന്നതിന് മുൻപ് ഈ സ്ഥാപനങ്ങൾ വഴി സാമ്പത്തിക ഇടപാടുകൾ നടത്തിയ ഉപഭോക്താക്കൾക്ക് സേവനം പൂർത്തിയാക്കാൻ അനുമതി നൽകിയിട്ടുണ്ട്.
സസ്പെൻഷൻ നടപടി നേരിട്ട കമ്പനികൾക്ക് പ്രവർത്തനം പുനരാരംഭിക്കണമെങ്കിൽ കുവൈറ്റ് സെൻട്രൽ ബാങ്കിന്റെയും ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിന്റെയും നിബന്ധനകൾക്കനുസൃതമായി തങ്ങളുടെ സുരക്ഷാ സംവിധാനങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ട്. ഉയർന്ന അപകടസാധ്യതയുള്ള സാമ്പത്തിക കൈമാറ്റങ്ങൾ കൃത്യമായി കണ്ടെത്തുക, വിശദമായ അന്വേഷണ നടപടികൾ നടപ്പിലാക്കുക, യഥാർത്ഥ ഗുണഭോക്താവിനെ മറച്ചുവെക്കുന്ന രീതിയിലുള്ള സങ്കീർണ്ണമായ ഇടപാടുകളും സംശയസ്പദമായ തുക കൈമാറ്റങ്ങളും തിരിച്ചറിയാനുള്ള വാണിംഗ് സിസ്റ്റങ്ങൾ നവീകരിക്കുക എന്നിവയാണ് പ്രധാന നിബന്ധനകൾ. നിലവിൽ കുവൈറ്റ് സെൻട്രൽ ബാങ്കിന്റെ മേൽനോട്ടത്തിൽ 33 ലൈസൻസുള്ള എക്സ്ചേഞ്ച് കമ്പനികളാണ് പ്രവർത്തിക്കുന്നത്.
രാജ്യത്തിന് അകത്തേക്കും പുറത്തേക്കുമുള്ള സാമ്പത്തിക ഇടപാടുകളിൽ കർശന പരിശോധന ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെയും നേരിട്ട് ഉപഭോക്താവിനെ കാണാതെയുമുള്ള ഇടപാടുകളിൽ വ്യാജ വിവരങ്ങൾ നൽകാനുള്ള സാധ്യത മുൻനിർത്തി സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുകയാണ് സാമ്പത്തിക മന്ത്രാലയം.



