കുവൈറ്റ് സിറ്റി: 2026-ന്റെ ആദ്യ പകുതിയിൽ കുവൈറ്റിലുടനീളം ലഭിച്ച 8,751 അടിയന്തര സന്ദേശങ്ങളിൽ 8,282 എണ്ണത്തിലും കുവൈറ്റ് ഫയർ ഫോഴ്സും രക്ഷാസേനയും അടിയന്തരമായി ഇടപെട്ടതായി ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് അറിയിച്ചു.
ലഭിച്ച ആകെ കോളുകളിൽ 3,171 എണ്ണം രക്ഷാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതും, 2,545 എണ്ണം തെറ്റായ വിവരങ്ങളടങ്ങിയ വ്യാജ കോളുകളും, 2,159 എണ്ണം തീപിടിത്ത റിപ്പോർട്ടുകളുമായിരുന്നു. തീപിടിത്ത സംഭവങ്ങളിൽ 629 എണ്ണം പാർപ്പിട മേഖലകളിലും, 314 എണ്ണം വാണിജ്യ-വ്യാവസായിക മേഖലകളിലും, 432 എണ്ണം റോഡ് ഗതാഗത അപകടങ്ങളിലുമാണ് രേഖപ്പെടുത്തിയത്. അഹമ്മദി ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ രക്ഷാപ്രവർത്തനങ്ങൾ നടന്നത്.
വൈദ്യുതി ഷോർട്ട് സർക്യൂട്ടുകളാണ് പല തീപിടിത്തങ്ങൾക്കും പ്രധാന കാരണമെന്ന് ചൂണ്ടിക്കാട്ടിയ അൽ ഗരീബ് പൊതുജന സുരക്ഷാ മുന്നറിയിപ്പുകളും നൽകി. യോഗ്യതയുള്ള ടെക്നീഷ്യൻമാരെക്കൊണ്ട് ഇലക്ട്രിക് വയറിംഗുകൾ കൃത്യമായി പരിശോധിപ്പിക്കണമെന്നും, സോക്കറ്റുകളിൽ അമിത ഭാരം നൽകുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഉപയോഗിക്കാത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്ലഗ്ഗുകൾ ഊരിയിടാനും പുകയോ കരിഞ്ഞ മണമോ അനുഭവപ്പെട്ടാൽ ഉടൻ ജാഗ്രത പാലിക്കാനും അഗ്നിശമന സേന നിർദ്ദേശിച്ചു.



