കുവൈറ്റ് സിറ്റി: ലഹരിവസ്തുക്കളും രാസലഹരിയും കൈവശം വെച്ച കേസിൽ ബംഗ്ലാദേശ് പൗരനെ കുവൈറ്റ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളിന്റെ ഇന്റർനാഷണൽ കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് പ്രതി വലയിലായത്. കുവൈറ്റ് ആഭ്യന്തര മന്ത്രാലയമാണ് വിവരങ്ങൾ വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.
പ്രതിയിൽ നിന്ന് മയക്കുമരുന്ന് ലായനിയിൽ കുതിർത്ത 800 ഷീറ്റ് പേപ്പറുകൾ, രാസലഹരി അടങ്ങിയ രണ്ട് ആംപൂളുകൾ, ലഹരിവസ്തുക്കൾ അളക്കാൻ ഉപയോഗിക്കുന്ന രണ്ട് ഡിജിറ്റൽ സാന്ദ്രതാ അളവ് യന്ത്രങ്ങൾ എന്നിവ കസ്റ്റഡിയിലെടുത്തു. വിൽപനയ്ക്കായും സ്വന്തം ഉപയോഗത്തിനുമായാണ് പ്രതി ഇവ സൂക്ഷിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
അറസ്റ്റിലായ വ്യക്തിയെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട പ്രോസിക്യൂഷൻ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. രാജ്യത്ത് മയക്കുമരുന്ന് വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന പരിശോധനകളാണ് സുരക്ഷാസേന നടത്തിവരുന്നത്.



