കുവൈറ്റ് സിറ്റി: വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് കുവൈറ്റ് ട്രാഫിക് അവെയർനസ് വിഭാഗം മേധാവി മേജർ അസിസ്റ്റന്റ് അൽ-അസ്ലാവി മുന്നറിയിപ്പ് നൽകി. വാഹനത്തിൽ യാത്ര ചെയ്യുന്ന മുഴുവൻ ആളുകളും സീറ്റ് ബെൽറ്റ് ധരിക്കൽ നിർബന്ധമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കുവൈറ്റ് റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പത്ത് വയസ്സിന് താഴെയുള്ള കുട്ടികൾ പ്രായത്തിനനുയോജ്യമായ സേഫ്റ്റി സീറ്റുകളിൽ വാഹനത്തിന്റെ പിൻസീറ്റിൽ മാത്രമേ ഇരുന്ന് യാത്ര ചെയ്യാൻ പാടുള്ളൂ. യാത്രാവേളകളിൽ റോഡിന്റെ വശത്തേക്ക് തുറക്കുന്ന വാതിലുകളിലൂടെ കുട്ടികളെ പുറത്തിറങ്ങാൻ അനുവദിക്കരുത്. സ്കൂളുകൾക്ക് സമീപമുള്ള റോഡുകൾ മുറിച്ചുകടക്കുമ്പോൾ മുതിർന്നവരുടെ സാന്നിധ്യം നിർബന്ധമാണെന്നും കുട്ടികളെ തനിച്ച് റോഡ് മുറിച്ചുകടക്കാൻ അനുവദിക്കരുതെന്നും മേജർ അൽ-അസ്ലാവി നിർദ്ദേശിച്ചു.



