കുവൈറ്റ് സിറ്റി: കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് നുട്രിഷന്റെ നേതൃത്വത്തിൽ തലസ്ഥാന ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ 34 നിയമലംഘന റിപ്പോർട്ടുകൾ തയ്യാറാക്കുകയും മാനദണ്ഡങ്ങൾ പാലിക്കാത്ത ഒരു ഭക്ഷ്യ സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു.
മനുഷ്യ ഉപയോഗത്തിന് തികച്ചും അനുയോജ്യമല്ലാത്തതും ചീഞ്ഞളിഞ്ഞതുമായ ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന, ആരോഗ്യ-ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കൽ, സാധുവായ ആരോഗ്യ സർട്ടിഫിക്കറ്റുകളോ ആവശ്യമായ യോഗ്യതകളോ ഇല്ലാത്ത തൊഴിലാളികളെ ജോലിക്കെടുക്കൽ, ലൈസൻസില്ലാത്ത വാഹനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോകൽ തുടങ്ങിയ വിവിധ ലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്.
കൂടാതെ, ആരോഗ്യ ലൈസൻസിന്റെ കാലാവധി കഴിഞ്ഞിട്ടും പ്രവർത്തനം തുടർന്ന ഒരു സ്ഥാപനവും ഇൻസ്പെക്ടർമാർ കണ്ടെത്തിയിട്ടുണ്ട്. പരിശോധനയുടെ ഭാഗമായി ഉപയോഗയോഗ്യമല്ലാത്ത 204 കിലോഗ്രാം ഭക്ഷ്യ ഉൽപ്പന്നങ്ങൾ അധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചു. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.



