കുവൈത്ത് സിറ്റി: രാജ്യത്തെ ഒരു സെക്കൻഡറി സ്കൂളിൽ നിരവധി വിദ്യാർത്ഥിനികൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എന്നാൽ ദൈവാനുഗ്രഹത്താൽ വിദ്യാർത്ഥിനികളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് ഇവരുടെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് അറിഞ്ഞയുടൻ വിദ്യാഭ്യാസ മന്ത്രി സയ്യിദ് ജലാൽ അൽ തബ്തബായി നേരിട്ട് വിദ്യാർത്ഥിനികളുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയതായി മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. വിദ്യാർത്ഥിനികളുടെ സുരക്ഷ ഉറപ്പുവരുത്താനും, സംഭവത്തിൽ ഉചിതമായ നടപടികൾ അടിയന്തരമായി സ്വീകരിക്കാനും ആവശ്യമായ എല്ലാ മുൻകരുതലുകളും കൈക്കൊള്ളാനും അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വിദ്യാർത്ഥികളുടെയും അധ്യാപക-അനധ്യാപക ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മന്ത്രാലയം പരമപ്രധാനമായ പരിഗണന നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി. അസ്വസ്ഥതകൾ നേരിട്ട വിദ്യാർത്ഥിനികളുടെ ആരോഗ്യസ്ഥിതിയും സംഭവവുമായി ബന്ധപ്പെട്ട തുടർനടപടികളും കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും, അവരുടെ പൂർണ്ണ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.



