കുവൈറ്റ് സിറ്റി : കുവൈത്തിലെ ജഹ്‌റയിൽ പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ നിരോധിത സ്ഥലങ്ങളിൽ ബൈക്കുകൾ ഓടിച്ച രണ്ടുപേരെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പിടികൂടി.
രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് നടപടി. ആദ്യ സംഭവത്തിൽ, പൊലീസ് പട്രോൾ സംഘം നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ബൈക്ക് യാത്രികൻ രക്ഷപ്പെടാൻ ശ്രമിക്കുകയും പൊലീസ് വാഹനത്തിൽ ഇടിക്കുകയും ചെയ്തു. ഇയാളെ പിന്നീട് പിടികൂടി സെൻട്രൽ ജയിലിലേക്ക് മാറ്റി.രണ്ടാമത്തെ സംഭവത്തിൽ അശ്രദ്ധമായി ബൈക്കോടിച്ച മറ്റൊരാളെയും പൊലീസ് പിടികൂടി. ഇയാൾ പ്രായപൂർത്തിയാകാത്തയാളായതിനാൽ ജുവനൈൽ പ്രൊട്ടക്ഷൻ വിഭാഗത്തിന് കൈമാറി.
ഇരുവർക്കുമെതിരെ ട്രാഫിക് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തതോടൊപ്പം രണ്ട് ബൈക്കുകളും അധികൃതർ ക്രഷ് ചെയ്ത് നശിപ്പിച്ചു.റോഡ് ഉപയോക്താക്കളുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിലുള്ള ഡ്രൈവിങ്ങിനും പൊലീസിന്റെ നിർദേശങ്ങൾ അനുസരിക്കാതിരിക്കുന്നതിനുമെതിരെ കർശന നടപടി തുടരുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകി.



