കുവൈറ്റ് സിറ്റി : അറബ് രാജ്യങ്ങളിൽ നടക്കുന്ന വാഹനാപകടങ്ങളിൽ ഏകദേശം 90 ശതമാനവും ഗതാഗത നിയമങ്ങൾ പാലിക്കാത്തതുൾപ്പെടെയുള്ള മനുഷ്യരുടെ പിഴവുകൾ മൂലമാണെന്ന് അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിൽ സെക്രട്ടറി ജനറൽ മുഹമ്മദ് കൗമാൻ വ്യക്തമാക്കി.
ടുണീഷ്യയിൽ നടന്ന 22-ാമത് അറബ് ട്രാഫിക് മേധാവികളുടെ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.പത്ത് അറബ് രാജ്യങ്ങളിൽ മാത്രം രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം ഏകദേശം പത്ത് ലക്ഷം വാഹനാപകടങ്ങളിലായി 11,000 പേർ മരിക്കുകയും 1,20,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
സമ്മേളനത്തിൽ പങ്കെടുത്ത കുവൈത്ത് അഹ്മദി ട്രാഫിക് ലൈസൻസിങ് വിഭാഗം ഡയറക്ടർ കേണൽ ഫഹദ് അൽ ഖാലിദി, വാഹനാപകടങ്ങൾ കുറയ്ക്കുന്നതിന് പൊതുജന ബോധവത്കരണവും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗവും ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കുന്നതോടൊപ്പം അറബ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും റോഡ് സുരക്ഷാ സംവിധാനങ്ങളും മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സമ്മേളനം ചൂണ്ടിക്കാട്ടി.



