കുവൈറ്റ് സിറ്റി : കുവൈത്തിലെ റിഖയ്ക്കും അഖീലയ്ക്കും ഇടയിലുള്ള റോഡിൽ മൂന്ന് കുവൈത്ത് സ്വദേശികൾ തമ്മിലുണ്ടായ തർക്കം കൈയാങ്കളിയിൽ കലാശിച്ചു. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേരും പരസ്പരം ആക്രമണ ആരോപണങ്ങളുമായി പോലീസിനെ സമീപിച്ചു.റിഖയ്ക്കും അഖീലയ്ക്കും ഇടയിലുള്ള അഖീല ജംഗ്ഷനിലാണ് സംഭവം നടന്നത്.തന്നെ ആക്രമിക്കുകയും വാഹനത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തതായി ആരോപിച്ച് ഒരു കുവൈത്ത് സ്വദേശി റിഖ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഒരു പുരുഷനും സ്ത്രീയുമാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു ഇയാളുടെ ആരോപണം.എന്നാൽ, ആരോപണവിധേയരായ രണ്ടുപേരും പരാതി നിഷേധിക്കുകയും പരാതിക്കാരനാണ് തങ്ങളെ ആക്രമിച്ചതെന്ന് ആരോപിക്കുകയും ചെയ്തു.സംഭവത്തിൽ പരിക്കേറ്റതായി അവകാശപ്പെട്ട മൂന്ന് പേരും അദാൻ ആശുപത്രിയിൽ നിന്നുള്ള പ്രാഥമിക മെഡിക്കൽ റിപ്പോർട്ടുകൾ പോലീസിന് സമർപ്പിച്ചു.
പരസ്പര ആക്രമണം, മനഃപൂർവം സ്വത്ത് നശിപ്പിക്കൽ, അസഭ്യവർഷം തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.സംഭവത്തിന്റെ യഥാർത്ഥ സാഹചര്യം കണ്ടെത്തുന്നതിനും ഉത്തരവാദികളെ തിരിച്ചറിയുന്നതിനുമായി കേസ് ബന്ധപ്പെട്ട അന്വേഷണ വിഭാഗത്തിന് കൈമാറിയതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.



