കുവൈത്ത് സിറ്റി: യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ 2026-ലെ മനുഷ്യക്കടത്ത് വിരുദ്ധ റിപ്പോർട്ടിൽ (Trafficking in Persons Report) കുവൈത്ത് തുടർച്ചയായ രണ്ടാം വർഷവും ‘ടയർ 2’ (Tier 2) പദവി നിലനിർത്തി. ഒക്ടോബർ 8-ന് പുറത്തിറങ്ങിയ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് രാജ്യത്ത് അന്വേഷണങ്ങളും നിയമനടപടികളും ശക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഈ അംഗീകാരം. മനുഷ്യക്കടത്ത് കേസ്സുകളിലെ അന്വേഷണങ്ങൾ 11 ആയി ഉയരുകയും, 64 പ്രതികൾക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കുകയും ചെയ്തതായി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. കൂടാതെ ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനും ഇരകളെ സംരക്ഷിക്കുന്നതിനുമായി പ്രത്യേക യൂണിറ്റ് രൂപീകരിച്ചതും സർക്കാരിന്റെ ഉറച്ച പ്രതിബദ്ധതയാണ് കാണിക്കുന്നത്.
മുൻകാലങ്ങളെ അപേക്ഷിച്ച് സർക്കാർ തലത്തിൽ ഉണ്ടായ സജീവമായ ഇടപെടലുകളെയും നിയമനടപടികളെയുമാണ് റിപ്പോർട്ട് അടിസ്ഥാനമാക്കിയിരിക്കുന്നത്. 2013-ലെ മനുഷ്യക്കടത്ത്, കുടിയേറ്റ കടത്ത് വിരുദ്ധ നിയമപ്രകാരമാണ് 64 പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചിട്ടുള്ളത്. മനുഷ്യക്കടത്തിന് പുറമെ കള്ളപ്പണം വെളുപ്പിക്കൽ, ഔദ്യോഗിക-ബാങ്കിംഗ് രേഖകൾ വ്യാജമായി നിർമ്മിക്കൽ തുടങ്ങിയ കുറ്റങ്ങളും പ്രതികൾക്കെതിരെ അന്വേഷിച്ചതായി അധികൃതർ വ്യക്തമാക്കി.



