കുവൈത്ത് സിറ്റി: ജലീബ് അൽ ഷുയൂഖിൽ താമസക്കാർ ഒഴിഞ്ഞുപോയ വീടുകൾ കേന്ദ്രീകരിച്ച് ചെമ്പ് കേബിളുകളും മറ്റ് സാധനങ്ങളും മോഷ്ടിച്ചെന്ന സംശയത്തിൽ രണ്ട് ഏഷ്യൻ പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു.ജലീബ് പ്രദേശത്ത് താമസക്കാർ വീടുകൾ ഒഴിഞ്ഞുപോയ സാഹചര്യം മുതലെടുത്താണ് പ്രതികൾ മോഷണം നടത്തിയിരുന്നതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ കുറച്ചുകാലമായി ആളൊഴിഞ്ഞ വീടുകളിൽ പ്രവേശിച്ച് ചെമ്പ് കേബിളുകളും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും ശേഖരിച്ച് സ്ക്രാപ്പ് മാർക്കറ്റിൽ വിറ്റ് പണം സമ്പാദിച്ചിരുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
മോഷണവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജലീബ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. മോഷ്ടിച്ചതായി സംശയിക്കുന്ന സാധനങ്ങളും അധികൃതർ പിടിച്ചെടുത്തു.അറസ്റ്റിലായ രണ്ട് പ്രവാസികളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.



