കുവൈത്ത് സിറ്റി: ബാങ്കിൽ നിന്ന് പണം പിൻവലിച്ച കുവൈത്ത് പൗരനെ പിന്തുടർന്ന് കാറിൽ സൂക്ഷിച്ചിരുന്ന ഏകദേശം 50,000 കുവൈത്ത് ദിനാർ മോഷ്ടിച്ച കേസിൽ നാല് എത്യോപ്യൻ പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു.
സാൽമിയയിലാണ് സംഭവം നടന്നത്. ബാങ്കിൽ നിന്ന് വൻതുക പിൻവലിച്ച് പുറത്തിറങ്ങിയ കുവൈത്ത് പൗരനെ പ്രതികൾ നിരീക്ഷിക്കുകയും തുടർന്ന് വാഹനത്തിൽ പിന്തുടരുകയുമായിരുന്നു.പിന്നീട് കാറിന്റെ ചില്ല് തകർത്ത് വാഹനത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന 50,000 ദിനാർ മോഷ്ടിച്ച് പ്രതികൾ രക്ഷപ്പെട്ടു.സംഭവത്തിൽ ഹവല്ലി ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ അന്വേഷണത്തിൽ മോഷണം നടന്ന് 24 മണിക്കൂറിനുള്ളിൽ ഒരു പ്രതിയെ പിടികൂടി.
ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും മോഷണത്തിൽ പങ്കെടുത്ത മറ്റ് മൂന്ന് പേരെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്തതായി അധികൃതർ അറിയിച്ചു.തുടർന്ന് നടത്തിയ അന്വേഷണത്തിൽ മറ്റ് മൂന്ന് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച പണവും അധികൃതർ വീണ്ടെടുത്തു.അറസ്റ്റിലായ നാല് പ്രതികളെയും പിടിച്ചെടുത്ത പണവും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.



