കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ഇലക്ട്രോണിക് പേയ്മെന്റ് സേവനദാതാക്കളായ കെ-നെറ്റിന്റെ (KNET) പ്രവർത്തനങ്ങളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തി കുവൈത്ത് സെൻട്രൽ ബാങ്ക് ഉത്തരവ് പുറപ്പെടുവിച്ചു. നാല് പുതിയ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുകയും ഇലക്ട്രോണിക് ബിൽ പിരിവ് സേവനം കമ്പനിയുടെ രജിസ്റ്റർ ചെയ്ത പ്രവർത്തനങ്ങളിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.പുതിയ തീരുമാനപ്രകാരം കമ്പനിയുടെ സ്വന്തം ആവശ്യങ്ങൾക്കായി ഭൂമിയും മറ്റ് റിയൽ എസ്റ്റേറ്റ് ആസ്തികളും വാങ്ങാനും വിൽക്കാനും അനുമതി നൽകിയിട്ടുണ്ട്. കൂടാതെ കമ്പനിയുടെ ആവശ്യങ്ങൾക്കായി സ്ഥാവര, ജംഗമ സ്വത്തുക്കൾ സ്വന്തമാക്കാനും സാധിക്കും.
സർക്കാരിനുവേണ്ടി തപാൽ, റവന്യൂ സ്റ്റാമ്പുകൾ, കറൻസി നോട്ടുകൾ എന്നിവ അച്ചടിക്കുക, ചെക്കുകളും ഉടമസ്ഥാവകാശ രേഖകളും അച്ചടിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും പുതുതായി അനുവദിച്ചവയിൽ ഉൾപ്പെടുന്നു.ഇതിനുപുറമെ പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ശേഖരിച്ച് ബന്ധപ്പെട്ട സ്ഥലങ്ങളിൽ എത്തിക്കുന്ന സേവനങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്.
അതേസമയം, ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെയും പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകളിലൂടെയും ബില്ലുകൾ പിരിക്കുന്ന പ്രവർത്തനം കെ-നെറ്റിന്റെ രജിസ്റ്റർ ചെയ്ത സേവനങ്ങളിൽ നിന്ന് സെൻട്രൽ ബാങ്ക് നീക്കം ചെയ്തു.ഇലക്ട്രോണിക് പേയ്മെന്റ് സേവനദാതാക്കളുടെ ഔദ്യോഗിക രജിസ്റ്ററിലാണ് ഈ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.എന്നാൽ പുതിയ തീരുമാനത്തിന്റെ ഭാഗമായി സാധാരണ ഉപഭോക്താക്കളുടെ കെ-നെറ്റ് കാർഡ് പേയ്മെന്റുകളിലോ മറ്റ് ഇടപാടുകളിലോ എന്തെങ്കിലും മാറ്റമുണ്ടാകുമോയെന്ന കാര്യത്തിൽ റിപ്പോർട്ടിൽ വ്യക്തത നൽകിയിട്ടില്ല.



