കുവൈറ്റ് സിറ്റി : കുവൈത്തിൽ കെട്ടിട നിർമാണ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി മുനിസിപ്പാലിറ്റി പരിശോധനകൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി ജഹ്റ ഗവർണറേറ്റിലെ എൻജിനീയറിങ് ഓഡിറ്റ് ആൻഡ് ഫോളോഅപ്പ് വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ ഫീൽഡ് പരിശോധന നടത്തി.
നിക്ഷേപ, വാണിജ്യ, വ്യവസായ, സ്വകാര്യ പാർപ്പിട കെട്ടിടങ്ങളിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും കെട്ടിട നിർമാണ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് പരിശോധന സംഘടിപ്പിച്ചതെന്ന് പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു.ജഹ്റ ഗവർണറേറ്റിൽ പ്രത്യേക പരിശോധനാ സംഘം നടത്തിയ ആദ്യഘട്ട പരിശോധനയിൽ അംഘറ പ്രദേശത്ത് അനുവദനീയമായ അതിർത്തിക്ക് പുറത്തേക്ക് വാണിജ്യ ആവശ്യങ്ങൾക്കായി സ്ഥലം ഉപയോഗിച്ചതിന് മൂന്ന് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു.
കൂടാതെ, കെട്ടിടങ്ങളുടെ അനുവദനീയമായ അതിർത്തിക്ക് പുറത്ത് അനധികൃതമായി സ്റ്റോറേജ് യൂണിറ്റുകൾ നിർമിച്ചതിന് നാല് മുന്നറിയിപ്പുകളും നൽകി.നിയമലംഘകർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും ബന്ധപ്പെട്ട ചട്ടങ്ങളും വ്യവസ്ഥകളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും അധികൃതർ വ്യക്തമാക്കി.
ആദ്യഘട്ട പരിശോധനയുടെ തുടർച്ചയായി വരും ആഴ്ചകളിൽ കുവൈത്തിലെ എല്ലാ ഗവർണറേറ്റുകളിലും പരിശോധനകൾ നടത്തും. ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് തയ്യാറാക്കിയ പ്രത്യേക സമയക്രമം അനുസരിച്ചായിരിക്കും പരിശോധനകൾ സംഘടിപ്പിക്കുകയെന്ന് പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു.



