കുവൈത്ത് സിറ്റി: കുവൈറ്റിലെ പ്രമുഖ പൈതൃക ചന്തകളിലൊന്നായ ഷാർഖ് ഫിഷ് മാർക്കറ്റിന്റെ നവീകരണ പദ്ധതികൾ കാപിറ്റൽ ഗവർണർ ഷെയ്ഖ് അബ്ദുല്ല സലേം അൽ-അലി അൽ-സബാഹ് നേരിട്ട് സന്ദർശിച്ചു വിലയിരുത്തി. വിപണിയുടെ ചരിത്രപരമായ പൈതൃകം നിലനിർത്തിക്കൊണ്ട്, ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിനും പൗരന്മാർക്കും താമസക്കാർക്കും മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പാക്കുന്നതിനുമാണ് വികസന പദ്ധതികൾ ലക്ഷ്യമിടുന്നത്.പദ്ധതിയുടെ വിവിധ ഘട്ടങ്ങളെക്കുറിച്ചും നടത്തിപ്പ് രീതികളെക്കുറിച്ചും ഗവർണർക്ക് ഉദ്യോഗസ്ഥർ വിശദീകരിച്ചു നൽകി. പ്രധാന വിപണിയുടെ നവീകരണം നടക്കുന്ന സമയത്ത് കച്ചവടത്തിന് തടസ്സമുണ്ടാകാത്ത രീതിയിൽ താൽക്കാലിക മാർക്കറ്റ് സജ്ജീകരിച്ചിട്ടുണ്ട്.
ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ഈ വ്യാഴാഴ്ച നടക്കുമെന്നും തുടർന്ന് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ഗവർണറേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, പ്രവേശന-പുറത്തുകടക്കൽ സംവിധാനങ്ങൾ സുഗമമാക്കൽ എന്നിവയ്ക്കൊപ്പം സ്റ്റാളുകളുടെ എണ്ണം 214-ൽ നിന്ന് 240 ആയി ഉയർത്താനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഇത് വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും കൂടുതൽ സൗകര്യപ്രദമായ അന്തരീക്ഷം ഒരുക്കും.
ജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുന്ന വികസന പദ്ധതികൾ നിരീക്ഷിക്കുന്നതിൽ കാപിറ്റൽ ഗവർണറേറ്റ് അതീവ ശ്രദ്ധ പുലർത്തുന്നുണ്ടെന്ന് ഷെയ്ഖ് അബ്ദുല്ല സലേം അൽ-സബാഹ് വ്യക്തമാക്കി. സ്റ്റാൾ ഉടമകളുടെ ആവശ്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം കച്ചവട പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട എല്ലാ അധികാരികളും തമ്മിലുള്ള ഏകോപനം ശക്തമാക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.



