കുവൈത്ത് സിറ്റി: സബാഹ് അൽ-അഹ്മദ് പ്രകൃതി സംരക്ഷിത മേഖലയിൽ നമ്പറില്ലാത്ത വാഹനത്തിൽ അതിക്രമിച്ചുകയറി വേട്ടയാടാൻ ശ്രമിച്ച രണ്ട് പേരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. സംരക്ഷിത പ്രദേശത്തേക്ക് വാഹനം പ്രവേശിക്കുന്നത് കണ്ട് സുരക്ഷാ ജീവനക്കാർ ഉടൻ തന്നെ ഓപ്പറേഷൻസ് റൂമിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് എമർജൻസി പോലീസും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗവും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.
സംരക്ഷിത മേഖലയിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് വാഹനത്തിന്റെ നമ്പർ പ്ലേറ്റുകൾ പ്രതികൾ അഴിച്ചുമാറ്റിയിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇവരിൽ നിന്ന് വേട്ടയാടലിന് ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. എൻവയോൺമെന്റൽ പോലീസ് ഇരുവർക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കുകയും തുടർ നടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറുകയും ചെയ്തു. പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടുകെട്ടുകയും പൊടിച്ച് നശിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
കുവൈറ്റിലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ 150-ാം വകുപ്പ് പ്രകാരം (ആർട്ടിക്കിൾ 105-ന്റെ ലംഘനം), സംരക്ഷിത മേഖലകളിൽ അതിക്രമിച്ചുകയറുന്നവർക്ക് ഒരു വർഷം വരെ തടവോ 500 ദിനാർ മുതൽ 5,000 ദിനാർ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്നതാണ്. കൂടാതെ വേട്ടയാടൽ ഉപകരണങ്ങളും ഉപയോഗിച്ച വാഹനങ്ങളും കണ്ടുകെട്ടാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്.



