കുവൈത്ത്സിറ്റി: കുവൈത്തിൽ പ്രവാസിയുടെ മരണത്തിന് ഉത്തരവാദിയായ വ്യക്തിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ, മരിച്ചയാളുടെ കുടുംബത്തിന് 20,000 കുവൈത്ത് ദിനാർ നഷ്ടപരിഹാരം നൽകാൻ അപ്പീൽ കോടതി ഉത്തരവിട്ടു.മരിച്ച പ്രവാസിയുടെ നിയമപരമായ അവകാശികൾക്ക് ഇസ്ലാമിക നിയമപ്രകാരമുള്ള പൂർണ ദിയ അഥവാ ബ്ലഡ് മണി നൽകണമെന്നാണ് കോടതിയുടെ വിധി.നഷ്ടപരിഹാരത്തുകയായ 20,000 ദിനാർ കുവൈത്ത് ധനമന്ത്രാലയം നൽകണമെന്നും കോടതി നിർദേശിച്ചു.
മരിച്ച പ്രവാസിയുടെ കുടുംബത്തിനുവേണ്ടി അഭിഭാഷകൻ ഖാലിദ് അയാഷ് അൽ എനേസിയാണ് കോടതിയിൽ കേസ് ഫയൽ ചെയ്തത്.സംഭവത്തിൽ ഉത്തരവാദിയായ വ്യക്തിയെ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിലാണ് കുടുംബത്തിന് നിയമപരമായ നഷ്ടപരിഹാരം അനുവദിച്ചത്.കോടതിയുടെ അന്തിമ വിധിയിലൂടെയാണ് കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാൻ വഴിയൊരുങ്ങിയത്.അതേസമയം, പ്രവാസിയുടെ മരണത്തിനിടയാക്കിയ സംഭവത്തിന്റെ വിശദാംശങ്ങളോ മരണത്തിന്റെ സാഹചര്യങ്ങളോ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.



