കുവൈത്ത് സിറ്റി: ക്രെഡിറ്റ് വഴി വാങ്ങുന്ന സാധനങ്ങൾ ഉടൻ തന്നെ കുറഞ്ഞ വിലയ്ക്ക് വിറ്റ് പണമാക്കി മാറ്റുന്ന ‘ടാകീഷ്’ (cash out/takyeesh) രീതി നിയമവിരുദ്ധമായ സാമ്പത്തിക പ്രവർത്തനമാണെന്ന് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. വാണിജ്യ-വായ്പാ നിയമങ്ങളുടെ ലംഘനമായ ഈ രീതി ഗുരുതരമായ നിയമപ്രശ്നങ്ങൾക്കും കള്ളപ്പണ വെളുപ്പിക്കലിനും ഇടയാക്കുമെന്ന് ഇക്കണോമിക്സ് വിദഗ്ധർ വ്യക്തമാക്കി.
വിലകൂടിയ സ്മാർട്ട്ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും തവണവ്യവസ്ഥയിൽ വാങ്ങി ഉടൻ തന്നെ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന ഈ രീതി ആഭ്യന്തര വിപണിയിലെ വിലനിലവാരത്തെ തകിടം മറിക്കുന്നതായി സാമ്പത്തിക വിദഗ്ധനും ധനകാര്യ മന്ത്രാലയ മുൻ ഉപദേശകനുമായ മുഹമ്മദ് റമദാൻ വ്യക്തമാക്കി. യഥാർത്ഥ വിലയേക്കാൾ കുറഞ്ഞ നിരപ്പിൽ ഈ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തുമ്പോൾ അത് അനാരോഗ്യകരമായ മത്സരത്തിനും നിയമപരമായി പ്രവർത്തിക്കുന്ന കമ്പനികൾക്ക് നഷ്ടത്തിനും കാരണമാകുന്നു.
ഈ രീതി പൂർണ്ണമായി ഇല്ലാതാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയവും വാണിജ്യ-വ്യവസായ മന്ത്രാലയവും സംയുക്തമായി നടത്തുന്ന ശക്തമായ നടപടികൾ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈറ്റിലെ സാമ്പത്തിക രംഗത്തെ കള്ളപ്പണ ഇടപാടുകളിൽ നിന്നും അനധികൃത ധനസഹായങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള ദേശീയ കാമ്പെയ്ന്റെ ഭാഗമായാണ് ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ചിരിക്കുന്നത്.



