കുവൈത്ത്: കുവൈത്തിലെ സാൽവ, മുത്‌ല പ്രദേശങ്ങളിലുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ എട്ടുവയസ്സുകാരനായ കുവൈത്തി ബാലനും ഒരു യുവാവും മരിച്ചു.സാൽവ പ്രദേശത്ത് വാഹനമിടിച്ചാണ് എട്ടുവയസ്സുകാരനായ കുവൈത്തി ബാലൻ മരിച്ചത്. അപകടത്തിനുശേഷം വാഹനം നിർത്താതെ ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായാണ് റിപ്പോർട്ട്.
സംഭവവുമായി ബന്ധപ്പെട്ട് മുപ്പതുകളിൽ പ്രായമുള്ള ഒരു കുവൈത്തി പൗരനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടി വാഹനത്തിന് മുന്നിലൂടെ അപ്രതീക്ഷിതമായി കടന്നുവന്നപ്പോൾ ഇടിക്കാതിരിക്കാൻ ശ്രമിച്ചെങ്കിലും അപകടം ഒഴിവാക്കാൻ കഴിഞ്ഞില്ലെന്നാണ് ഡ്രൈവർ പോലീസിന് നൽകിയ മൊഴി.അപകടത്തിന്റെ സാഹചര്യങ്ങൾ സംബന്ധിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ അന്വേഷണം നടത്തിവരികയാണ്.അതേസമയം, മുത്‌ല പ്രദേശത്തുണ്ടായ മറ്റൊരു വാഹനാപകടത്തിൽ മോട്ടോർസൈക്കിൾ ഓടിച്ചിരുന്ന യുവാവ് മരിച്ചു.
1993ൽ ജനിച്ച യുവാവാണ് അപകടത്തിൽ മരിച്ചത്. ഇയാൾ ഓടിച്ചിരുന്ന കറുത്ത നിറത്തിലുള്ള ജർമൻ നിർമിത മോട്ടോർസൈക്കിൾ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട അധികൃതരും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.രണ്ട് അപകടങ്ങളുമായി ബന്ധപ്പെട്ടും അധികൃതർ തുടർ അന്വേഷണം നടത്തിവരികയാണ്.



