കുവൈത്ത്: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രയ്ക്കൊരുങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥന്റെ ബാഗിൽനിന്ന് തോക്കും അഞ്ച് ജീവനുള്ള വെടിയുണ്ടകളും കണ്ടെത്തിയ കേസിൽ ഉദ്യോഗസ്ഥനെ കോടതി കുറ്റവിമുക്തനാക്കി.കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെതിരായ കേസിലാണ് മിസ്ഡിമീനർ അപ്പീൽ കോടതി നിർണായക വിധി പുറപ്പെടുവിച്ചത്.
വിമാനയാത്രയ്ക്കായി എത്തിയ ഉദ്യോഗസ്ഥന്റെ സ്യൂട്ട്കേസിൽ പരിശോധനയ്ക്കിടെയാണ് പിസ്റ്റളും അഞ്ച് വെടിയുണ്ടകളും കണ്ടെത്തിയത്. നിരോധിത സ്ഥലത്ത് തോക്ക് കൈവശംവെച്ചെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്.എന്നാൽ, കണ്ടെത്തിയ തോക്ക് ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ ആയുധമല്ലെന്നും ഔദ്യോഗിക ജോലിയുടെ ഭാഗമായി അദ്ദേഹത്തിന് കൈമാറിയ സർക്കാർ ഉടമസ്ഥതയിലുള്ള ആയുധമാണെന്നും കോടതി കണ്ടെത്തി.യാത്രാബാഗിൽ തോക്ക് ഉൾപ്പെട്ടത് മനഃപൂർവമല്ലാത്ത അശ്രദ്ധ മൂലമാണെന്നും വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന മറികടക്കാനോ ആയുധം ഒളിപ്പിക്കാനോ ശ്രമിച്ചതിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു.
ഉദ്യോഗസ്ഥനുവേണ്ടി ഹാജരായ അഭിഭാഷകൻ ഫഹദ് അൽ ഷമ്മാരി, സംഭവത്തിൽ ക്രിമിനൽ ഉദ്ദേശ്യമില്ലെന്നും ഔദ്യോഗിക ആയുധം സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ഉദ്യോഗസ്ഥന്റെ ജോലിയുടെ ഭാഗമാണെന്നും വാദിച്ചു.ഈ വാദങ്ങളും കേസിലെ സാഹചര്യങ്ങളും പരിഗണിച്ച കോടതി, ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി വിധി ശരിവയ്ക്കുകയായിരുന്നു.മനഃപൂർവമായ നിയമലംഘനം നടന്നതായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് കോടതി വിധിയിലെ പ്രധാന കണ്ടെത്തൽ.



