കുവൈത്ത് സിറ്റി: രാജ്യത്ത് കുറ്റകൃത്യങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനുള്ള സുരക്ഷാ നടപടികളുടെ ഭാഗമായി, അനധികൃതമായി ഗർഭച്ഛിദ്ര ഗുളികകൾ വിൽപന നടത്തിയ തുർക്കി പൗരനെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പിടികൂടി. പ്രതിയുടെ പക്കൽ നിന്നും വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 105 ഗുളികകൾ അധികൃതർ പിടിച്ചെടുത്തു.
പ്രതി ഗർഭച്ഛിദ്ര ഗുളികകൾ വിൽപന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അബു ഫതീര മേഖലയിൽ നിന്ന് ഇയാൾ പിടിയിലായത്. ഇവിടെ നടത്തിയ പരിശോധനയിൽ 7 ഗുളികകൾ കണ്ടെത്തുകയും തുടർന്ന് ഫിന്‍റാസിലെ ഇയാളുടെ വസതിയിൽ നടത്തിയ പരിശോധനയിൽ 98 ഗുളികകൾ കൂടി പിടിച്ചെടുക്കുകയുമായിരുന്നു.
പ്രതി ഓരോ മാസവും ടൂറിസ്റ്റ് വിസയിൽ രാജ്യത്ത് പ്രവേശിക്കാറുണ്ടായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഓരോ സന്ദർശനത്തിലും തുർക്കിയിൽ നിന്ന് 56 ഗർഭച്ഛിദ്ര ഗുളികകൾ വീതം കടത്തിക്കൊണ്ടുവന്ന് കുവൈറ്റിൽ വിൽപന നടത്തുന്നതാണ് ഇയാളുടെ രീതിയെന്നും, ആകെ 1,040 കുവൈത്തി ദീനാർ മൂല്യമുള്ള ഗുളികകളാണ് പിടിച്ചെടുത്തതെന്നും അന്വേഷണത്തിൽ വ്യക്തമായി. പ്രതിക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്നും, തൊണ്ടിമുതൽ സഹിതം ഇയാളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു.



