കുവൈത്ത്സിറ്റി, ഒക്ടോബർ 29: കുവൈത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യത വെള്ളിയാഴ്ച രാവിലെ വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ അനുഭവപ്പെട്ടതായും ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുള്ളതായും അധികൃതർ വ്യക്തമാക്കി.കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി കുവൈത്ത് വാർത്താ ഏജൻസിയായ കുനയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബുധനാഴ്ച രാത്രി മുതൽ രാജ്യത്തെ ബാധിച്ച ന്യൂനമർദത്തിന്റെ ഫലമായി അന്തരീക്ഷത്തിൽ താഴ്ന്നതും ഇടത്തരത്തിലുള്ളതുമായ മേഘങ്ങൾ രൂപപ്പെടുകയും ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.വ്യാഴാഴ്ച രാവിലെ വടക്കൻ അതിർത്തി പ്രദേശങ്ങൾക്ക് സമീപം രൂപപ്പെട്ട ഇടിമിന്നൽ മേഘങ്ങളിൽനിന്നുണ്ടായ ശക്തമായ കാറ്റ് പൊടിപടലങ്ങൾ ഉയർത്തിയതിനെ തുടർന്ന് ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച ഗണ്യമായി കുറഞ്ഞു.
വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച ക്രമേണ മെച്ചപ്പെടുമെങ്കിലും വെള്ളിയാഴ്ച പുലർച്ചെ വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.ചില പ്രധാന റോഡുകളിൽ പൊടിക്കാറ്റ് മൂലം ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
മഴയോടൊപ്പമുള്ള ശക്തമായ കാറ്റിനെ തുടർന്ന് കടലിൽ തിരമാലകൾ ഉയരാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവരും ജാഗ്രത പാലിക്കണം.അതേസമയം, പൊടിപടലങ്ങളും അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പവും കണക്കിലെടുത്ത് ആസ്ത്മ, അലർജി രോഗികൾ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.



