കുവൈത്ത്: മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത പഴകിയ മത്സ്യവും കേടായ ഇന്ത്യൻ പോത്തിറച്ചിയും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഭക്ഷ്യസ്ഥാപനം കുവൈത്തിൽ അധികൃതർ അടച്ചുപൂട്ടി. പരിശോധനയിൽ കണ്ടെത്തിയ 3 ടണ്ണും 548 കിലോഗ്രാമും ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുകയും സ്ഥാപനത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.കുവൈത്ത് ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗവുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് ഗുരുതരമായ ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ കണ്ടെത്തിയത്.
കാലാവധി കഴിഞ്ഞ മത്സ്യങ്ങളുടെ എക്സ്പയറി തീയതികളിൽ കൃത്രിമം നടത്തിയതായും വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്തിരുന്നതായും പരിശോധനയിൽ കണ്ടെത്തി.മത്സ്യങ്ങളുടെ നിറത്തിലും രൂപത്തിലും മാറ്റം സംഭവിച്ചിരുന്നതായും അസാധാരണമായ ദുർഗന്ധം ഉണ്ടായിരുന്നതായും അധികൃതർ വ്യക്തമാക്കി.പരിശോധനയിൽ കേടായ മാംസവും കണ്ടെത്തി. ഇതിൽ ശീതീകരിച്ച നിലയിൽ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത പോത്തിറച്ചിയും ഉൾപ്പെടുന്നു. ശീതീകരിച്ച പോത്തിറച്ചി ഉരുക്കിയ നിലയിലായിരുന്നു. മാംസത്തിന്റെ നിറത്തിലും സ്വാഭാവിക ഗുണങ്ങളിലും മാറ്റം സംഭവിക്കുകയും ദുർഗന്ധം അനുഭവപ്പെടുകയും ചെയ്തിരുന്നു.
2026 ഒക്ടോബർ 15, 18 തീയതികളിൽ കാലാവധി അവസാനിച്ച മത്സ്യ ഉൽപ്പന്നങ്ങളും പരിശോധനയിൽ കണ്ടെത്തി. ഇവയുടെ കാലാവധി രേഖപ്പെടുത്തിയ തീയതികളിൽ കൃത്രിമം നടത്തിയതായി സംശയിക്കുന്ന സാഹചര്യത്തിലാണ് അധികൃതർ അന്വേഷണം നടത്തുന്നത്.
പരിശോധനയുടെ ദൃശ്യങ്ങൾ ഫുഡ് അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്.പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ഫുഡ് അതോറിറ്റി വ്യക്തമാക്കി.



