HomeGULFകുവൈത്തിൽ വീടുകൾ കേന്ദ്രീകരിച്ച് അനധികൃത ഭക്ഷ്യവ്യാപാരം; അഞ്ച് വീടുകളിൽ ഏഴ് സ്ഥാപനങ്ങൾ കണ്ടെത്തി, 33 നിയമലംഘനങ്ങൾ...

കുവൈത്തിൽ വീടുകൾ കേന്ദ്രീകരിച്ച് അനധികൃത ഭക്ഷ്യവ്യാപാരം; അഞ്ച് വീടുകളിൽ ഏഴ് സ്ഥാപനങ്ങൾ കണ്ടെത്തി, 33 നിയമലംഘനങ്ങൾ രേഖപ്പെടുത്തി

spot_img

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ വീടുകൾ കേന്ദ്രീകരിച്ച് അനധികൃതമായി പ്രവർത്തിച്ചിരുന്ന ഏഴ് ഭക്ഷ്യസ്ഥാപനങ്ങൾ അധികൃതർ കണ്ടെത്തി. ക്യാപിറ്റൽ ഗവർണറേറ്റിലെ അഞ്ച് വീടുകളിൽ നടത്തിയ പരിശോധനയിലാണ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഭക്ഷണം തയ്യാറാക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്ന സ്ഥാപനങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ 33 നിയമലംഘനങ്ങൾ രേഖപ്പെടുത്തി.

പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ ക്യാപിറ്റൽ ഗവർണറേറ്റ് പരിശോധനാ വിഭാഗം ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും അനധികൃത ഭക്ഷ്യവ്യാപാരം തടയുന്നതിനുമായി നടത്തുന്ന പരിശോധനകളുടെ ഭാഗമായിരുന്നു നടപടി.ആവശ്യമായ ആരോഗ്യ ലൈസൻസില്ലാതെ ഭക്ഷ്യസ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുക, മനുഷ്യ ഉപയോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുക, ശുചിത്വ മാനദണ്ഡങ്ങൾ ലംഘിക്കുക തുടങ്ങിയ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്.

ആരോഗ്യ സർട്ടിഫിക്കറ്റുകളില്ലാത്ത തൊഴിലാളികളെ ഭക്ഷണം തയ്യാറാക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായി നിയോഗിച്ചതായും പരിശോധനയിൽ വ്യക്തമായി. ഭക്ഷണം തയ്യാറാക്കുന്ന സ്ഥലങ്ങൾ തന്നെ തൊഴിലാളികളുടെ താമസത്തിനും ഉറങ്ങുന്നതിനുമായി ഉപയോഗിച്ചിരുന്നതായും അധികൃതർ കണ്ടെത്തി.ജനവാസ മേഖലകളിലെ വീടുകൾ ഭക്ഷ്യസ്ഥാപനങ്ങളാക്കി മാറ്റി ആവശ്യമായ അനുമതികളില്ലാതെ പ്രവർത്തിക്കുന്നത് പൊതുജനാരോഗ്യത്തിന് ഗുരുതര ഭീഷണിയാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

കണ്ടെത്തിയ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 33 റിപ്പോർട്ടുകൾ തയ്യാറാക്കിയതായി ഫുഡ് അതോറിറ്റി അറിയിച്ചു. ഭക്ഷ്യസ്ഥാപനങ്ങൾ നിയമാനുസൃതമായ ലൈസൻസുകളും ആരോഗ്യ അനുമതികളും നേടിയിരിക്കണമെന്നും ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി. ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയവും മറ്റ് ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി സഹകരിച്ച് പരിശോധനകൾ തുടരുമെന്നും നിയമലംഘനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!