കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്ന് കടത്തിനെതിരെ നടത്തിയ രണ്ട് വ്യത്യസ്ത പരിശോധനകളിൽ ബംഗ്ലാദേശ് പൗരനും രണ്ട് നേപ്പാൾ സ്വദേശികളും അറസ്റ്റിലായി. ഇവരിൽനിന്ന് 6.7 കിലോഗ്രാം സിന്തറ്റിക് ലഹരിമരുന്നും ലഹരിവസ്തു കലർത്തിയ പേപ്പറുകളും പിടിച്ചെടുത്തു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളാണ് നടപടി സ്വീകരിച്ചത്.
അൽ റിഹാബ് പ്രദേശത്ത് നടത്തിയ ആദ്യ പരിശോധനയിലാണ് ബംഗ്ലാദേശ് പൗരൻ പിടിയിലായത്. ഇയാളുടെ കൈവശം ‘കെമിക്കൽ’ എന്നറിയപ്പെടുന്ന സിന്തറ്റിക് ലഹരിമരുന്ന് കലർത്തിയ പേപ്പറുകൾ കണ്ടെത്തി.രണ്ടാമത്തെ പരിശോധന അൽ ദജീജ് പ്രദേശത്താണ് നടന്നത്. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒരു ഷിപ്പിങ് കമ്പനിയിൽനിന്ന് പാർസൽ ഏറ്റുവാങ്ങിയ രണ്ട് നേപ്പാൾ സ്വദേശികളെ അധികൃതർ പിടികൂടുകയായിരുന്നു.
പാർസൽ പരിശോധിച്ചപ്പോൾ സിന്തറ്റിക് ലഹരിമരുന്ന് അടങ്ങിയ എണ്ണ സൂക്ഷിച്ചിരുന്ന കണ്ടെയ്നറുകൾ കണ്ടെത്തി. തുടർന്ന് പ്രതികളുടെയും വാഹനത്തിന്റെയും പരിശോധനയിൽ ലഹരിമരുന്ന് കലർത്തിയ പേപ്പറുകളും പിടിച്ചെടുത്തു.ചോദ്യം ചെയ്യലിൽ മയക്കുമരുന്ന് വിൽപ്പനയ്ക്കും സ്വന്തം ഉപയോഗത്തിനുമായി രാജ്യത്തേക്ക് കൊണ്ടുവന്നതാണെന്ന് നേപ്പാൾ സ്വദേശികളായ പ്രതികൾ സമ്മതിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.രണ്ട് കേസുകളിലുമായി 6.7 കിലോഗ്രാം സിന്തറ്റിക് ലഹരിമരുന്ന് അടങ്ങിയ എണ്ണയും ലഹരിവസ്തു കലർത്തിയ പേപ്പറുകളുമാണ് പിടിച്ചെടുത്തത്.
അറസ്റ്റിലായ മൂന്ന് പേരെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.രാജ്യത്തേക്കുള്ള മയക്കുമരുന്ന് കടത്ത് തടയുന്നതിനും ലഹരിവ്യാപാര ശൃംഖലകൾ കണ്ടെത്തുന്നതിനുമുള്ള പരിശോധനകൾ ശക്തമായി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ലഹരിമരുന്നുകളുടെ വ്യാപനം തടയുന്നതിനും കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.



