കുവൈത്ത്സിറ്റി: കുവൈത്തിൽ ഈ വർഷത്തെ ശൈത്യകാല ക്യാമ്പിങ് സീസൺ നടത്തുന്നതോ റദ്ദാക്കുന്നതോ സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി വ്യക്തമാക്കി. ക്യാമ്പിങ് സീസൺ റദ്ദാക്കിയെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾക്കിടെയാണ് അധികൃതരുടെ വിശദീകരണം.
നിലവിലെ സാഹചര്യങ്ങൾ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി സഹകരിച്ച് വിലയിരുത്തിവരികയാണെന്നും പൊതുജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.ക്യാമ്പിങ് സീസൺ ആരംഭിക്കുന്ന തീയതിയോ ക്യാമ്പിങ് പെർമിറ്റുകൾക്കുള്ള അപേക്ഷ സ്വീകരിക്കുന്ന സമയമോ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായാൽ സർക്കാർ അംഗീകൃത മാധ്യമങ്ങളിലൂടെയും ഔദ്യോഗിക സംവിധാനങ്ങളിലൂടെയും പൊതുജനങ്ങളെ അറിയിക്കും.
അതേസമയം, ഔദ്യോഗിക അനുമതി ലഭിക്കുന്നതിന് മുമ്പ് മരുഭൂമി പ്രദേശങ്ങളിൽ ടെന്റുകൾ സ്ഥാപിക്കുന്നതും ക്യാമ്പിങ് സ്ഥലങ്ങൾ ഒരുക്കുന്നതും നിയമലംഘനമാണെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. ക്യാമ്പിങ് നടത്താൻ ആഗ്രഹിക്കുന്നവർ ഔദ്യോഗിക പ്രഖ്യാപനം വരുന്നതുവരെ കാത്തിരിക്കണമെന്നും നിർദേശിച്ചു.നേരത്തെ, പ്രാദേശിക സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഈ വർഷത്തെ ക്യാമ്പിങ് സീസൺ റദ്ദാക്കിയതായി കുവൈത്ത് വാർത്താ ഏജൻസിയായ കുന റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പിന്നീട് ഈ വാർത്ത പിൻവലിക്കുകയായിരുന്നു. തുടർന്നാണ് ക്യാമ്പിങ് സീസണിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കിയത്.
സാധാരണയായി കുവൈത്തിൽ നവംബർ 15 മുതൽ മാർച്ച് 15 വരെയാണ് ശൈത്യകാല ക്യാമ്പിങ് സീസൺ നടക്കുന്നത്. ഈ സമയത്ത് സ്വദേശികളും പ്രവാസികളും ഉൾപ്പെടെ നിരവധി കുടുംബങ്ങളാണ് മരുഭൂമി പ്രദേശങ്ങളിൽ ടെന്റുകൾ സ്ഥാപിച്ച് ക്യാമ്പിങ് നടത്തുന്നത്.ഈ വർഷത്തെ ക്യാമ്പിങ് സീസണിനായി നേരത്തെ 11 സ്ഥലങ്ങൾ മുനിസിപ്പാലിറ്റി പരിഗണിച്ചിരുന്നു. എന്നാൽ ക്യാമ്പിങ് സീസൺ നടത്തുന്നതിന് ഇതുവരെ ഔദ്യോഗിക അനുമതി നൽകിയിട്ടില്ല.ക്യാമ്പിങ് സീസൺ സംബന്ധിച്ച അന്തിമ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് കുവൈത്തിലെ ക്യാമ്പിങ് പ്രേമികൾ.



