കുവൈത്ത്: ജീവനക്കാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുൻഗണന നൽകുന്നതിന്റെ ഭാഗമായി എൻബിടിസി ഗ്രൂപ്പ് സംഘടിപ്പിക്കുന്ന പ്രമേഹ ബോധവൽക്കരണ വാരത്തിന് തുടക്കമായി. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് 2026 നവംബർ 14-ന് കുവൈത്തിലെ എൻബിടിസി കോർപ്പറേറ്റ് ഓഫീസ് ഓഡിറ്റോറിയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
മെട്രോ മെഡിക്കൽ കെയറിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ഇന്റേണൽ മെഡിസിൻ വിഭാഗത്തിലെ ഡോ. തോമസ് ഐസക് നെയ്യാറപ്പള്ളി (MBBS, MD, PGDCE (UK)) ക്ലാസിന് നേതൃത്വം നൽകി. പ്രമേഹം, രക്തസമ്മർദ്ദം, ഉപാപചയ സംബന്ധമായ രോഗങ്ങൾ എന്നിവയുടെ ചികിത്സയിൽ 27 വർഷത്തെ പ്രവർത്തനപരിചയമുള്ള അദ്ദേഹം പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ, രോഗസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ, പ്രതിരോധ മാർഗങ്ങൾ, ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ, രോഗനിയന്ത്രണം എന്നിവയെക്കുറിച്ച് വിശദീകരിച്ചു. തുടർന്ന് ജീവനക്കാരുടെ സംശയങ്ങൾക്കും അദ്ദേഹം മറുപടി നൽകി.കുവൈത്തിൽ നിന്ന് 100-ലധികം ജീവനക്കാർ നേരിട്ട് പങ്കെടുത്ത പരിപാടിയിൽ സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ ജീവനക്കാർ മൈക്രോസോഫ്റ്റ് ടീംസ് വഴി ഓൺലൈനായും പങ്കുചേർന്നു.
പരിപാടിക്ക് നൽകിയ വിലപ്പെട്ട സഹകരണത്തിനും പിന്തുണയ്ക്കും മെട്രോ മെഡിക്കൽ കെയറിനും ഡോ. തോമസ് ഐസക്കിനും എൻബിടിസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ശ്രീ. കെ. ജി. എബ്രഹാമും ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ശ്രീ. ഷിബി എബ്രഹാമും ചേർന്ന് ഉപഹാരം നൽകി ആദരിച്ചു.പ്രമേഹ ബോധവൽക്കരണ വാരത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന നിരവധി പരിപാടികളിൽ ആദ്യത്തേതായിരുന്നു ഈ ബോധവൽക്കരണ ക്ലാസ്. തുടർന്നുള്ള ദിവസങ്ങളിൽ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രതിദിന സന്ദേശങ്ങൾ, ഫിറ്റ്നസ് ചലഞ്ച്, വിദഗ്ധ ഡോക്ടർമാരുടെ കൺസൾട്ടേഷനോടു കൂടിയ സൗജന്യ മെഡിക്കൽ ക്യാമ്പ് എന്നിവയും സംഘടിപ്പിക്കും.
ജീവനക്കാരിൽ ആരോഗ്യകരമായ ജീവിതശൈലിയും വ്യായാമശീലവും പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനുമുള്ള എൻബിടിസി ഗ്രൂപ്പിന്റെ തുടർച്ചയായ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഒരാഴ്ച നീളുന്ന ഈ പരിപാടികൾ സംഘടിപ്പിക്കുന്നത്. കരുതലിന്റെയും ആരോഗ്യത്തിന്റെയും ക്ഷേമത്തിന്റെയും സംസ്കാരം വളർത്തിയെടുക്കുന്നതിനും ജീവനക്കാരെ ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ഇത്തരം പരിപാടികൾ എൻബിടിസി ഗ്രൂപ്പ് സംഘടിപ്പിച്ചുവരുന്നു.



