കുവൈറ്റ് സിറ്റി: കുവൈറ്റിലെ സബാഹിയ മേഖലയിലുണ്ടായ സംഘർഷത്തിനിടെ നെഞ്ചിൽ കുത്തേറ്റ യുവാവിന് ഗുരുതരമായി പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ആക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരു കുവൈറ്റ് പൗരനെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
പ്രദേശത്ത് സംഘർഷം നടക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ സ്ഥലത്തെത്തുകയായിരുന്നു. 1996-ൽ ജനിച്ച യുവാവിനെയാണ് നെഞ്ചിൽ ആഴത്തിലുള്ള കുത്തേറ്റ് കടുത്ത രക്തസ്രാവത്തോടെ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ അൽ-അദാൻ ആശുപത്രിയിൽ എത്തിക്കുകയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇയാളുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
കത്തിക്കുത്തുമായി ബന്ധപ്പെട്ട് 2002-ൽ ജനിച്ച കുവൈറ്റ് പൗരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സംഘർഷത്തിന് പിന്നിലെ കാരണങ്ങളും സാഹചര്യങ്ങളും കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട അധികൃതർ വിശദമായ അന്വേഷണം നടത്തിവരികയാണ്. അന്വേഷണ റിപ്പോർട്ടിന്റെയും പരിക്കേറ്റ യുവാവിന്റെ ആരോഗ്യനിലയുടെയും അടിസ്ഥാനത്തിലായിരിക്കും പ്രതിക്കെതിരെ തുടർ നിയമനടപടികൾ സ്വീകരിക്കുക.



