കുവൈത്ത് സിറ്റി: വിവാഹമോചനങ്ങൾ കുറയ്ക്കുന്നതിനും കുടുംബബന്ധങ്ങളുടെ സ്ഥിരത ഉറപ്പാക്കുന്നതിനുമായി വിവാഹത്തിന് തയ്യാറെടുക്കുന്നവർക്ക് വിവാഹപൂർവ പരിശീലനം നിർബന്ധമാക്കുന്നതിന് നിർദേശം. വിവാഹ കരാർ പൂർത്തിയാക്കുന്നതിന് മുമ്പ് ഇത്തരം പരിശീലനത്തിൽ പങ്കെടുക്കുന്നത് നിർബന്ധമാക്കുന്നത് ഇസ്ലാമിക ശരീഅത്ത് പ്രകാരം അനുവദനീയമാണെന്ന് കുവൈത്ത് ഇന്റർനാഷണൽ ലോ സ്കൂളിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. അബ്ദുറഹ്മാൻ ഇബ്രാഹിം അൽ ഖറാസ് വ്യക്തമാക്കി.
ഡോ. അബ്ദുറഹ്മാൻ അൽ ബലൂലുമായി സഹകരിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊതുതാൽപര്യം മുൻനിർത്തിയും വിവാഹത്തിന് തടസ്സമോ കാലതാമസമോ സൃഷ്ടിക്കാത്ത രീതിയിലും പരിശീലനം നടപ്പാക്കാമെന്ന് അദ്ദേഹം അൽ റായ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
നീതിന്യായ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 2023-ൽ കുവൈത്തിൽ 13,303 വിവാഹങ്ങളും 7,865 വിവാഹമോചനങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവാഹമോചനങ്ങളിൽ 35.8 ശതമാനവും വിവാഹം കഴിഞ്ഞ് ആദ്യ അഞ്ച് വർഷത്തിനുള്ളിലാണ് നടന്നത്. ആകെ വിവാഹമോചനങ്ങളിൽ അഞ്ചിലൊന്ന് വിവാഹത്തിന്റെ ആദ്യ വർഷത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരസ്പര ധാരണയുടെയും സ്നേഹത്തിന്റെയും അഭാവം, ആശയവിനിമയത്തിലെ പോരായ്മകൾ, കുടുംബാംഗങ്ങളുടെ അമിത ഇടപെടൽ, സമൂഹമാധ്യമങ്ങളുടെ സ്വാധീനം, ദാമ്പത്യ അവകാശങ്ങളെയും കടമകളെയും കുറിച്ചുള്ള അറിവില്ലായ്മ എന്നിവയാണ് വിവാഹമോചനങ്ങളുടെ പ്രധാന കാരണങ്ങളായി പഠനം ചൂണ്ടിക്കാട്ടുന്നത്.
വിവാഹപൂർവ പരിശീലനത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാന വിഷയങ്ങൾ:
• ഭാര്യാഭർത്താക്കന്മാരുടെ അവകാശങ്ങളും കടമകളും.
\• ദാമ്പത്യജീവിതവുമായി ബന്ധപ്പെട്ട നിയമങ്ങളും മതപരമായ വിഷയങ്ങളും.
\• കുടുംബത്തിലെ സാമ്പത്തിക ഉത്തരവാദിത്തങ്ങൾ.
\• ആശയവിനിമയവും അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗങ്ങളും.
\• വൈകാരിക നിയന്ത്രണവും കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പരിശീലനവും.
നീതിന്യായ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ വിദഗ്ധരുടെ നേതൃത്വത്തിൽ സൗജന്യമായി പരിശീലനം നൽകണമെന്നും വർഷം മുഴുവൻ ഇതിനുള്ള സൗകര്യം ഒരുക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
വിവാഹപൂർവ പരിശീലനം നിർബന്ധമാക്കുന്നതിന് പൊതുതാൽപര്യം മുൻനിർത്തി അനുമതി നൽകാമെന്ന് കുവൈത്ത് ഔഖാഫ് മന്ത്രാലയത്തിലെ ഫത്വ സമിതിയും വ്യക്തമാക്കിയിട്ടുണ്ട്.മലേഷ്യയിൽ മുസ്ലിംകൾക്ക് വിവാഹപൂർവ പരിശീലനം നിർബന്ധമാക്കിയതിനെ തുടർന്ന് വിവാഹമോചന നിരക്ക് 32 ശതമാനത്തിൽ നിന്ന് എട്ട് ശതമാനമായി കുറഞ്ഞതായി പഠനത്തിലെ കണക്കുകൾ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. സൗദി അറേബ്യ, യുഎഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ സമാന അനുഭവങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവാഹത്തിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയല്ല, മറിച്ച് വിവാഹമോചനത്തിലേക്ക് നയിക്കുന്ന കാരണങ്ങൾ മുൻകൂട്ടി പരിഹരിക്കുകയും ആരോഗ്യകരമായ കുടുംബജീവിതത്തിന് യുവതീയുവാക്കളെ സജ്ജരാക്കുകയുമാണ് നിർദേശത്തിന്റെ ലക്ഷ്യമെന്നും അൽ ഖറാസ് വ്യക്തമാക്കി.അതേസമയം, വിവാഹപൂർവ പരിശീലനം നിർബന്ധമാക്കുന്നത് നിലവിൽ ഒരു പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള നിർദേശമാണ്. ഇത് നിയമമായി പ്രാബല്യത്തിൽ വന്നിട്ടില്ല.



