കുവൈത്ത് സിറ്റി: പൂച്ചയെ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ആക്രമണം നടത്തിയെന്നും അസഭ്യം പറഞ്ഞെന്നും ആരോപിക്കപ്പെട്ട അമ്മയെയും മകളെയും കുവൈത്ത് കോടതി കുറ്റവിമുക്തരാക്കി.
ദത്തെടുക്കുന്നതിനായി പരസ്യം നൽകിയിരുന്ന പൂച്ചയെ പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വിൽപ്പനയ്ക്ക് വെച്ചതായി കണ്ടെത്തിയതോടെയാണ് തർക്കം ആരംഭിച്ചത്. പൂച്ചയെ വിൽപ്പനയ്ക്ക് വെച്ചതായി പരാതിക്കാരനെതിരെ അമ്മയും മകളും ആരോപണം ഉന്നയിച്ചതിനെ തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി.തർക്കം രൂക്ഷമായതോടെ ശാരീരിക ആക്രമണവും അസഭ്യവർഷവും ഉണ്ടായെന്ന ആരോപണത്തിൽ കേസ് കോടതിയിലെത്തുകയായിരുന്നു.
അമ്മയ്ക്കും മകൾക്കും വേണ്ടി അഭിഭാഷകൻ അലി അൽ മുഹമ്മദ് അലിയാണ് കോടതിയിൽ ഹാജരായത്. പ്രതിഭാഗത്തിന്റെ വാദങ്ങളും നിയമപരമായ വിശദീകരണങ്ങളും പരിഗണിച്ച കോടതി ഇരുവർക്കുമെതിരായ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് കണ്ടെത്തി കുറ്റവിമുക്തരാക്കുകയായിരുന്നു.കോടതിവിധി തന്റെ കക്ഷികൾക്ക് അനുകൂലമായ സുപ്രധാന നേട്ടമാണെന്ന് അഭിഭാഷകൻ വ്യക്തമാക്കി.



