കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത്) കേരള ഘടകം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഔദ്യോഗിക ഫ്ലയർ വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു കേരള സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫിന് നൽകി പ്രകാശനം ചെയ്തു. സുജിത്ത് എം.ആർ,രാജി ബിനു,തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ അഡ്വ.വിനോദ് സെൻ,ചെറുവക്കൽ പത്മകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മന്ത്രി അഡ്വ. സണ്ണി ജോസഫ് വോയ്സ് കുവൈത്ത് കേരള ഘടകത്തിന് ആശംസകൾ നേർന്നു. ഡിസംബർ 13 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം കരമന പൂജ ഓഡിറ്റോറിയത്തിലാണ് വോയ്സ് കുവൈത്ത് കേരള ഘടകത്തിന്റെ രൂപീകരണം.
സാംസ്കാരിക സമ്മേളനത്തോടുകൂടി ആരംഭിക്കുന്ന പരിപാടിയിൽ വോയ്സ് കുവൈത്തിന്റെ അംഗങ്ങളുടെ കുട്ടികളിൽ കഴിഞ്ഞ വർഷം നടന്ന പത്താം ക്ലാസ് ,പ്ലസ് ടൂ പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്യും. തുടർന്ന് നാടൻപാട്ട് കലാകാരൻ ജയചന്ദ്രൻ കടമ്പനാട് നയിക്കുന്ന “സോങ് ഓഫ് ദി എർത്ത് ” റാംസ് ഡാൻസ് സ്റ്റുഡിയോ അവതരിപ്പിക്കുന്ന നൃത്ത വിസ്മയം,ക്ലാസിക്കൽ നൃത്തം,സിനിമാറ്റിക് ഡാൻസ്, മ്യൂസിക്കൽ ഫെസ്റ്റ് തുടങ്ങിയ പരിപാടികൾ അരങ്ങേറും.



