കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാഴാഴ്ച പകൽ ചൂടുള്ള കാലാവസ്ഥയും രാത്രിയിൽ തണുപ്പും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. പുലർച്ചെ മൂടൽമഞ്ഞിനെ തുടർന്ന് കുറഞ്ഞ ദൂരക്കാഴ്ച ക്രമേണ മെച്ചപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി.
രാജ്യത്തെ താപനില 13 മുതൽ 31 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. പകൽ സമയത്ത് മണിക്കൂറിൽ 8 മുതൽ 30 കിലോമീറ്റർ വരെ വേഗത്തിൽ വിവിധ ദിശകളിൽനിന്നും വടക്കുപടിഞ്ഞാറൻ ദിശയിൽനിന്നും കാറ്റ് വീശും.രാത്രിയിൽ മണിക്കൂറിൽ 12 മുതൽ 38 കിലോമീറ്റർ വരെ വേഗത്തിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ട്. അന്തരീക്ഷത്തിലെ ആപേക്ഷിക ഈർപ്പം 99 ശതമാനം വരെ ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, കടലിൽ ശക്തമായ അടിയൊഴുക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. പകൽ സമയത്ത് തിരമാലകളുടെ ഉയരം ഒന്ന് മുതൽ നാല് അടി വരെയും രാത്രിയിൽ രണ്ട് മുതൽ അഞ്ച് അടി വരെയും ആയിരിക്കുമെന്നാണ് പ്രവചനം.മൂടൽമഞ്ഞുള്ള സമയങ്ങളിൽ വാഹനമോടിക്കുന്നവരും കടലിൽ പോകുന്നവരും ജാഗ്രത പാലിക്കേണ്ടതാണ്.



