കുവൈത്ത് സിറ്റി: കുവൈത്തിന്റെ വ്യോമാതിർത്തിയിൽ ഇന്ന് പ്രവേശിച്ച നിരവധി ശത്രു ഡ്രോണുകൾ കണ്ടെത്തി പ്രതിരോധ നടപടികൾ സ്വീകരിച്ചതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് സ്റ്റാഫ് കേണൽ സൗദ് അബ്ദുൽ അസീസ് അൽ അത്വാൻ പുറത്തിറക്കിയ 83-ാം നമ്പർ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാൻ നടത്തിയ ആക്രമണത്തിൽ രാജ്യത്തെ സുപ്രധാന കേന്ദ്രം ലക്ഷ്യമിട്ടതായും ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ അവശിഷ്ടങ്ങൾ പതിച്ച് നാല് പേർക്ക് പരിക്കേറ്റതായും മന്ത്രാലയം അറിയിച്ചു.
ഒരു കുവൈത്ത് പൗരനും രണ്ട് ഇറ്റാലിയൻ പൗരന്മാർക്കും ഒരു പാകിസ്ഥാൻ പൗരനുമാണ് പരിക്കേറ്റത്. ഇവരെ ആവശ്യമായ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിൽ ഭൗതിക നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്.
രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനും സായുധസേന പൂർണ സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിച്ച് ആവശ്യമായ എല്ലാ പ്രതിരോധ നടപടികളും തുടരുമെന്നും മന്ത്രാലയം അറിയിച്ചു.



