HomeGULFകുവൈത്ത് സൈനിക കേന്ദ്രത്തിന് നേരെ ഡ്രോൺ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാൻ

കുവൈത്ത് സൈനിക കേന്ദ്രത്തിന് നേരെ ഡ്രോൺ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാൻ

spot_img

കുവൈത്ത് സിറ്റി: കുവൈത്തിലെ സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ ടെക്നീഷ്യന്മാർ കൊല്ലപ്പെട്ടു. ജർമ്മൻ പ്രതിരോധ കമ്പനിയായ റൈൻമെറ്റാലിന്റെ ഇറ്റാലിയൻ ഉപസ്ഥാപനമായ ‘റൈൻമെറ്റാൽ ഇറ്റാലിയ’യിലെ ജീവനക്കാരായ അന്റോണിയോ സക്കോസിയോ (65), ഇമ്മാനുവേലെ ലോ റൂസ്സോ (36) എന്നിവരാണ് മരിച്ചത്. കുവൈത്ത് സായുധ സേന ഉപയോഗിക്കുന്ന ‘സ്കൈഗാർഡ്’ വ്യോമപ്രതിരോധ സംവിധാനത്തിന്റെ റഡാർ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയാണ് ഇവർക്ക് നേരെ ആക്രമണമുണ്ടായത്.

വ്യോമാതിർത്തിയിൽ കടന്നുകയറിയ ശത്രു ഡ്രോണുകളെ സൈന്യം തകർത്തതിനെത്തുടർന്ന് അവശിഷ്ടങ്ങൾ പതിച്ചാണ് ഇവർക്ക് ഗുരുതരമായി പരിക്കേറ്റതും തുടർന്ന് മരണമടഞ്ഞതും. സംഭവത്തിൽ ഒരു കുവൈത്ത് പൗരനും ഒരു പാകിസ്ഥാൻ പൗരനും പരിക്കേൽക്കുകയും സൈനിക കേന്ദ്രത്തിന് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.ആക്രമണത്തിന് ഉപയോഗിച്ച ഡ്രോൺ ഇറാനിൽ നിർമ്മിച്ചതാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ തയാനി അറിയിച്ചു.

എന്നാൽ, ഡ്രോൺ ഇറാൻ മണ്ണിൽ നിന്നോ ഇറാൻ സൈന്യമോ വിക്ഷേപിച്ചതാകണമെന്നില്ലെന്നും മേഖലയിലെ ഇറാൻ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളുടെ പക്കലും ഇത്തരം ഡ്രോണുകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആക്രമണത്തിൽ ഇറാന് പങ്കില്ലെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി തന്നോട് വ്യക്തമാക്കിയതായും, സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ കുവൈത്തും ഇറ്റലിയുമായി ചേർന്ന് സംയുക്ത അന്വേഷണ കമ്മീഷനിൽ പങ്കെടുക്കാൻ ഇറാൻ സന്നദ്ധത അറിയിച്ചതായും തയാനി വെളിപ്പെടുത്തി.

അതേസമയം, സംഭവത്തെ “ഇറാന്റെ ക്രൂരമായ ആക്രമണം” എന്നാണ് കുവൈത്ത് പ്രതിരോധ മന്ത്രാലയം വിശേഷിപ്പിച്ചത്. രാജ്യത്തിന് നേരെ തുടരുന്ന ഇറാനിയൻ ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നതിനായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച ഇറാൻ അംബാസഡർ മുഹമ്മദ് തുതുഞ്ചിയെ വിളിച്ചുവരുത്തി ഔദ്യോഗിക പ്രതിഷേധക്കുറിപ്പ് കൈമാറി.

എന്നാൽ, മേഖലയിൽ തങ്ങൾ യാതൊരുവിധ സൈനിക നടപടികളും നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയ ഇറാനിയൻ സായുധ സേനാ വക്താവ് അബോൾഫസൽ ഷെകാർച്ചി, മേഖലയിൽ അസ്ഥിരത വളർത്താനായി അമേരിക്കയും ഇസ്രായേലും നടത്തുന്ന ‘ഫോൾസ്-ഫ്ലാഗ്’ തന്ത്രമാണിതെന്നും ആരോപിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!